നീ­രവി­നും ചോ­ക്സി­ക്കും എതി­രേ­ ജാ­മ്യമി­ല്ലാ­ വാ­റന്‍റ്


മുംബൈ : പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പു കേസിലെ പ്രതികളായ നീരവ് മോദിക്കും മെഹുൽ ചോക്സിക്കും എതിരേ പ്രത്യേക കോടതി ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുപ്പിച്ചു. നേരത്തെ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നീരവ് മോദിയുടെ സ്വത്തുവകകൾ കണ്ടുകെട്ടിയിരുന്നു. ജനുവരിയിലാണ് നീരവ് മോദി ക്രമക്കേടു നടത്തിയതായി ബാങ്ക് അധികൃതർ കണ്ടെത്തുന്നത്.

അതേസമയം തട്ടിപ്പിന് സഹായിച്ച പഞ്ചാബ് നാഷണൽ ബാങ്കിലെ ഉദ്യോഗസ്ഥന് നീരവ് മോദി സ്വർണനാണയങ്ങളും വജ്രാഭരണവും കൈക്കൂലി നൽകിയിരുന്നതായി സിബിഐ വ്യക്തമാക്കി. ശനിയാഴ്ച കോടതിയിലാണ് സിബിഐ ഇക്കാര്യം പറഞ്ഞത്. പിഎൻബിയുടെ മുംബൈ ശാഖയിലെ ഫോറെക്സ് വിഭാഗത്തിൽ മാനേജരായി ജോലി ചെയ്തിരുന്ന യശ്വന്ത് ജോഷിയാണ് നീരവ് മോദിയുടെ പക്കൽ നിന്ന് സ്വർണനാണയങ്ങളും വജ്രാഭരണവും കൈക്കൂലിയായി സ്വീകരിച്ചത്. തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ ഒരാൾ ഇക്കാര്യം സമ്മതിച്ചതായും സിബിഐ വ്യക്തമാക്കി.

അറുപത് ഗ്രാം തൂക്കം വരുന്ന രണ്ട് സ്വർണനാണയങ്ങൾ, സ്വർണവും വജ്രവും കൊണ്ട് നിർമിച്ച കമ്മൽ എന്നിവയാണ് യശ്വന്ത് നീരവിൽ നിന്ന് കൈക്കൂലിയായി വാങ്ങിച്ചത്. പതിനാല് പേരെയാണ് പിഎൻബി തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്തിട്ടുള്ളത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് യശ്വന്ത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed