കോടികളുടെ നിക്ഷേപത്തട്ടിപ്പ്: ഭാരത് ലജ്ന മൾട്ടി സ്റ്റേറ്റ് ഹൗസിങ് സൊസൈറ്റി ചെയർമാൻ ആർ. പ്രേംകുമാർ കസ്റ്റഡിയിൽ
ശാരിക
ചെന്നൈ: നിക്ഷേപകരുടെ പണം സ്വകാര്യ ആവശ്യങ്ങൾക്കായി വകമാറ്റിയെന്ന കേസിൽ ഭാരത് ലജ്ന മൾട്ടി സ്റ്റേറ്റ് ഹൗസിങ് കോഓപറേറ്റീവ് സൊസൈറ്റി (ബി.എൽ.എം) ചെയർമാൻ ആർ. പ്രേംകുമാറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ചെന്നൈയിലെ വസതിയിൽനിന്ന് കോഴിക്കോട് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ഇയാളെ പിടികൂടിയത്. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാളെ ചെന്നൈ നുങ്കമ്പാക്കത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില പരിശോധിച്ച ശേഷം പ്രേംകുമാറിനെ കേരളത്തിലെത്തിച്ച് തുടർനടപടികൾ സ്വീകരിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. സൊസൈറ്റിയുടെ മറവിൽ സാധാരാണക്കാരിൽ നിന്ന് 300 കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. എന്നാൽ തട്ടിപ്പിന്റെ വ്യാപ്തി 5000 കോടി രൂപ കടക്കുമെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്.
സൊസൈറ്റിയിൽ നിക്ഷേപിച്ച പണം ഹോട്ടലുകൾ, റിസോർട്ടുകൾ, തിയേറ്ററുകൾ എന്നിവ വാങ്ങാൻ വകമാറ്റിയെന്നാണ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. തിരുവനന്തപുരത്തെ ആഡംബര ഹോട്ടൽ, തൃശൂരിലെ രാഗം തിയേറ്റർ, മൂന്നാറിലെ റിസോർട്ടുകൾ തുടങ്ങിയവ വാങ്ങാൻ സൊസൈറ്റിയുടെ പണം ഉപയോഗിച്ചതായും വിവിധ കമ്പനികൾ വഴി തുക വകമാറ്റിയതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസാണ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയത്. കേസ് നൽകിയ പരാതിക്കാരൻ പിന്നീട് അത് പിൻവലിച്ചെങ്കിലും പ്രാഥമിക അന്വേഷണത്തിൽ വൻ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം തുടരാൻ തീരുമാനിക്കുകയായിരുന്നു. കേസ് ചോദ്യംചെയ്ത് പ്രേംകുമാർ മുൻപ് ഹൈകോടതിയെ സമീപിച്ചിരുന്നു.
അതേസമയം, തങ്ങൾക്കെതിരെ വ്യാജപരാതികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ബി.എൽ.എം സൊസൈറ്റി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. പ്രചരിക്കുന്ന വാർത്തകളും രേഖകളും ഔദ്യോഗിക കണക്കുകളുമായി പൊരുത്തപ്പെടുന്നില്ലെന്നും ഇതിന്റെ ഉറവിടം പരിശോധിച്ച് നടപടിയെടുക്കണമെന്നുമായിരുന്നു സൊസൈറ്റിയുടെ ആവശ്യം. എന്നാൽ ഈ പരാതി നൽകിയതിന് തൊട്ടുപിന്നാലെയാണ് സൊസൈറ്റി ചെയർമാനായ പ്രേംകുമാറിനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.
േ്ിേ്ി

