മലേഷ്യൻ വിമാനത്തിനായുളള തിരച്ചിൽ ജൂണിൽ അവസാനിപ്പിക്കും
ക്വാലാലംപുർ : ബെയ്ജിംഗിലേക്കുളള യാത്രക്കിടെ ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിൽ വെച്ച് കാണാതായ മലേഷ്യൻ വിമാനത്തിനായുളള തിരച്ചിൽ അവസാനിപ്പിക്കാൻ തീരുമാനം. ഈ വർഷം ജൂൺ പകുതിയോടെ തിരച്ചിൽ അവസാനിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. 2014 മാർച്ച് എട്ടിനാണ് 239 യാത്രക്കാരുമായി മലേഷ്യയിലെ ക്വാലലംപുരിൽ നിന്നു ചൈനയിലെ ബെയ്ജിങ്ങിലേക്ക് പുറപ്പെട്ട വിമാനമായ എംഎച്ച് 370 കടൽമേഖലയിൽ കാണാതായത്. യാത്രക്കാരിലധികവും ചൈനക്കാരായിരുന്നു.
നേരത്തെ വിമാനത്തിന്റെ അവശിഷ്ടം എന്ന് കരുതുന്ന ഭാഗങ്ങൾ മഡഗാസ്‌കറിൽ നിന്ന് കണ്ടെത്തിയിരുന്നു. എന്നാൽ വിമാനത്തിന്റെ മറ്റ് ഭാഗങ്ങൾ കണ്ടെത്താൻ സാധിക്കാതിരുന്നത് തിരച്ചിൽ സംഘത്തെ പ്രതിരോധത്തിലാക്കി. കാണാതായ ആളുകളെ സംബന്ധിച്ചുള്ള അവ്യക്തതകൾ ഇപ്പോഴും തുടരുകയാണ്. വിമാനത്തിലുണ്ടായിരുന്നവരെല്ലാം മരിച്ചിട്ടുണ്ടാകാമെന്നാണ് നിഗമനം. തിരച്ചിൽ അവസാനിപ്പിച്ചാൽ മാത്രമേ ഇതുമായി ബന്ധപ്പെട്ട കേസുകളും തീരുമാനമാക്കാൻ സാധിക്കൂ. ചൈന, ഓസ്ട്രേലിയ, മലേഷ്യ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.

