മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ ‘ഇൻഡ്യ’ മുന്നണിയുടെ ജനകീയ ഇംപീച്ച്മെന്റ് നാളെ ഖാർഗെയുടെ വസതിയിൽ
ശാരിക
ന്യൂഡൽഹി: വോട്ടർപട്ടികയിലെ തീവ്ര പുനഃപരിശോധനയിലെ (എസ്.ഐ.ആർ) ക്രമക്കേടുകൾക്കും വോട്ട് കവർച്ച ആരോപണങ്ങൾക്കുമെതിരെ പ്രതിപക്ഷ ‘ഇൻഡ്യ’ മുന്നണി സംഘടിപ്പിക്കുന്ന ‘ജനകീയ ഇംപീച്ച്മെന്റ്’ വെള്ളിയാഴ്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഔദ്യോഗിക വസതിയിൽ നടക്കും. ഹോട്ടൽ അശോക്, രാംലീലാ മൈതാനം എന്നിവിടങ്ങളിൽ പരിപാടി നടത്താൻ ആദ്യം പദ്ധതിയിട്ടിരുന്നെങ്കിലും ഡൽഹി പൊലീസ് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് വേദി ഖാർഗെയുടെ വസതിയിലേക്ക് മാറ്റിയത്.
ഇന്ന് ചേർന്ന മുന്നണി നേതാക്കളുടെ ഉന്നതതല യോഗത്തിലാണ് പരിപാടിയുടെ രൂപരേഖ അന്തിമമാക്കിയത്. മുൻ ലോക്സഭാ സ്പീക്കർ മീരാ കുമാറിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കും. വിശദമായ ചർച്ചകൾക്ക് ശേഷം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിക്കും. വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കളും പൗരാവകാശ പ്രവർത്തകരും പങ്കെടുക്കുന്ന പരിപാടിയിൽ എസ്.ഐ.ആർ കാരണം വോട്ടവകാശം നഷ്ടപ്പെട്ട സാധാരണക്കാരും തങ്ങളുടെ അനുഭവങ്ങൾ തുറന്നുപറയും.
ഇതൊരു വെറും മോക്ക് ഇംപീച്ച്മെന്റോ നാടകമോ അല്ലെന്നും, തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത തകർന്നതിൽ ജനങ്ങൾക്കുള്ള അമർഷത്തിന്റെ നേർപ്രതിഫലനമാണെന്നും സി.പി.ഐ(എം) എം.പി ജോൺ ബ്രിട്ടാസ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമീഷൻ വഴിയുള്ള വോട്ട് അട്ടിമറികൾക്കെതിരെ പോരാട്ടം തുടരുമെന്നും നവംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന മഹാറാലിയിൽ ലക്ഷക്കണക്കിന് ആളുകൾ അണിനിരക്കുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
്േി്േി

