ഡിജിറ്റൽ ഇടങ്ങളിലെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾക്ക് തടയിടാൻ പുതിയ കേന്ദ്ര ബിൽ
ശാരിക
ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും അനുവാദമില്ലാതെ പങ്കുവെക്കുന്ന സ്വകാര്യ ദൃശ്യങ്ങളും തടയുന്നതിനായി പുതിയ ശക്തമായ ബിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഇതുസംബന്ധിച്ച ചർച്ചകൾ വിവിധ മന്ത്രാലയങ്ങൾ തമ്മിൽ പുരോഗമിക്കുകയാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ, മോർഫ് ചെയ്ത വീഡിയോകൾ, പ്രണയബന്ധം തകർന്നതിന് ശേഷം മുൻ പങ്കാളിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രതികാര മനോഭാവത്തോടെ പ്രചരിപ്പിക്കൽ തുടങ്ങിയവ തടയാൻ കർശന നിയമസംവിധാനം വേണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവർത്തകൻ ഉദയ് മഹൂർക്കറും പ്രജ്വല എന്ന സന്നദ്ധ സംഘടനയും സമർപ്പിച്ച ഹരജികളിലാണ് സർക്കാർ മറുപടി നൽകിയത്. ഹരജികളിലെ ആവശ്യങ്ങളെ സർക്കാർ എതിർക്കുന്നില്ലെന്ന് സോളിസിറ്റർ ജനറൽ വ്യക്താക്കി.
നിലവിൽ ഐടി നിയമത്തിലെ 66ഇ, 67, 67എ, 67ബി വകുപ്പുകളും പോക്സോ നിയമവും അനുസരിച്ചാണ് ഇത്തരം കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നത്. എന്നാൽ നിലവിലെ നിയമപ്രകാരം ഇരയായ വ്യക്തിക്ക് മാത്രമേ പരാതി നൽകാൻ സാധിക്കൂ എന്നതും, ഉള്ളടക്കം നീക്കം ചെയ്യാൻ മണിക്കൂറുകളോളം സമയമെടുക്കുന്നുവെന്നതും വലിയ വെല്ലുവിളിയാണെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
ഇതിൽ കാതലായ മാറ്റം വരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അശ്ലീല ഉള്ളടക്കം കണ്ടാൽ ഉടൻ തന്നെ നീക്കം ചെയ്യുക മാത്രമല്ല, അത് ഏത് അക്കൗണ്ടിൽ നിന്നും ഡിജിറ്റൽ ഉപകരണത്തിൽ നിന്നുമാണ് അപ്ലോഡ് ചെയ്തതെന്ന് കണ്ടെത്തി സോഷ്യൽ മീഡിയ കമ്പനികൾ തന്നെ പൊലീസിൽ പരാതി നൽകുന്ന രീതിയിലേക്ക് നിയമം മാറ്റും. ആർക്കും ഇത്തരം വിവരങ്ങൾക്കെതിരെ പരാതി നൽകാൻ കഴിയുന്ന തരത്തിലും, ഓട്ടോമാറ്റിക് ഡിറ്റക്ഷൻ സംവിധാനം നിർബന്ധമാക്കുന്ന തരത്തിലുമാണ് പുതിയ നിയമനിർമ്മാണം ആലോചിക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങൾ ഇരകളിൽ ആജീവനാന്ത മാനസിക ആഘാതം ഉണ്ടാക്കുമെന്നും ശക്തമായ നിയമപരമായ ഇടപെടൽ അനിവാര്യമാണെന്നും നിരീക്ഷിച്ച സുപ്രീം കോടതി, ചർച്ചകളുടെ പുരോഗതി അറിയിക്കാൻ കേന്ദ്രത്തിന് നാലാഴ്ച സമയം അനുവദിച്ചു.
xzcvv

