ഇന്ത്യയും വിയറ്റ്നാമും മൂന്ന് കരാറുകൾ ഒപ്പുവെച്ചു
ന്യൂഡൽഹി : വ്യവസായം, രാജ്യ സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ സഹകരിച്ചു പ്രവർത്തിക്കാൻ ഇന്ത്യയും വിയറ്റ്നാമും ധാരണയായി. ആണവോർജം, വ്യാപാരം, കൃഷി എന്നീ മേഖലകളുമായി ബന്ധപ്പെട്ട മൂന്ന് കരാറുകളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിയറ്റ്നാം പ്രസിഡണ്ട് ട്രാൻ ദായി ക്വാംഗും ഒപ്പുവെച്ചു. ഇന്ത്യ−പസഫിക് മേഖലയിൽ സൈനിക മേധാവിത്വം നേടാൻ ചൈന ശ്രമിക്കുന്നതിനിടെ, ഈ മേഖലയിൽ സന്പൽസമൃദ്ധിയും പ്രവേശനസ്വാതന്ത്ര്യവും നിലനിർത്തുന്നതിനായി സഹകരിച്ചു പ്രവർത്തിക്കാൻ ഇന്ത്യയും വിയറ്റ്നാമും തീരുമാനിച്ചു. ഇന്ത്യ−പസഫിക് മേഖലയിൽ രാജ്യാന്തര നിയമങ്ങൾ മാനിച്ചും രാഷ്ട്രങ്ങളുടെ പരമാധികാരം മാനിച്ചും ചർച്ചകളിലൂടെ പരിഹാരം കണ്ടെത്തിയും മുന്നോട്ടുപോകുമെന്ന്, ചർച്ചകൾക്ക് ശേഷം പുറപ്പെടുവിച്ച പ്രസ്താവനയിൽ മോദി വ്യക്തമാക്കി.
ദക്ഷിണ ചൈനാക്കടലിലെ സമുദ്രാതിർത്തിത്തർക്കം സംബന്ധിച്ച ഇന്ത്യൻ നിലപാടിനെ പിന്തുണയ്ക്കുന്നതായി ക്വാംഗ് പറഞ്ഞു. കപ്പലോട്ടത്തിനും വ്യോമയാനത്തിനും ഈ മേഖലയിൽ സ്വാതന്ത്ര്യം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്ഘട്ടിലെ മഹാത്മാ ഗാന്ധി സ്മാരകം സന്ദർശിച്ച ക്വാംഗ്, ഇന്ത്യയിലെ പ്രമുഖ വ്യവസായികളുമായും കൂടിക്കാഴ്ച നടത്തും.

