ബൈചുങ് ബൂട്ടിയ തൃണമൂൽ കോൺഗ്രസ് വിട്ടു
കൊൽക്കത്ത : ഇതിഹാസ ഫുട്ബോൾ താരം ബൈചുങ് ബൂട്ടിയ തൃണമൂൽ കോൺഗ്രസ് വിട്ടു. രാഷ്ട്രീയത്തിൽ ഇനി തുടരാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് ബൂട്ടിയ തന്റെ തീരുമാനം അറിയിച്ചത്.
തൃണമൂൽ കോൺഗ്രസിന്റെ അംഗത്വത്തിൽനിന്നും എല്ലാവിധ രാഷ്ട്രീയ ചുമതലകളില്നിന്നു താൻ ഔദ്യോഗികമായി രാജിവെക്കുകയാണെന്നും ഇനി ഒരു രാഷ്ട്രീയപാർട്ടിയുമായും ചേർന്ന് പ്രവർത്തിക്കാനില്ലെന്നും തന്റെ ട്വീറ്റിൽ ബൂട്ടിയ വ്യക്തമാക്കുന്നു. 2011ൽ ആണ് ബുട്ടിയ ഫുട്ബോളിൽനിന്ന് വിരമിക്കുന്നത്. തുടർന്ന് അദ്ദേഹം മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. 2014ൽ ഡാർജിലിങ്ങിൽനിന്ന് ലോക്സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജപ്പെട്ടു. 2016ലെ സംസ്ഥാന തിരഞ്ഞെടുപ്പിലും മത്സരിച്ച് പരാജയപ്പെട്ടു. തുടർന്നും രാഷ്ട്രീയനേതാവ് എന്ന നിലയിൽ അദ്ദേഹം തൃണമൂൽ കോൺഗ്രസിൽസജീവമായിരുന്നു.
എന്നാൽ പാർട്ടിയുടെ നിലപാടുകളുമായുള്ള പൊരുത്തക്കേടുകൾ ബൂട്ടിയയും തൃണമൂൽ കോൺഗ്രസുമായി അസ്വാരസ്യങ്ങൾക്ക് ഇടയാക്കിയിരുന്നു. ഖൂർഖാലാൻഡിനായി ആവശ്യമുന്നയിക്കുന്ന വിഭാഗത്തിന് പിന്തുണ നൽകിക്കൊണ്ട് ബൂട്ടിയ പരസ്യനിലപാടെടുത്തതോടെ ഇത് രൂക്ഷമായി. ഇതാണ് ഇപ്പോൾ പാർട്ടിയിൽനിന്ന് പുറത്തുപോകുന്നതിലേയ്ക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.

