നെടുന്പാശേരി വിമാനത്താവളത്തിൽ നിന്നും 32 ലക്ഷത്തിന്റെ സ്വർണം പിടികൂടി
നെടുന്പാശേരി : കൊച്ചി രാജ്യാന്തര വിമാനത്താവളമായ നെടുന്പാശേരി വിമാനത്താവളത്തിൽ നിന്നും രണ്ട് യാത്രക്കാരിൽ നിന്നായി 32 ലക്ഷം രൂപ വില വരുന്ന 1056 ഗ്രാം സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടി.
ഇന്നലെ ഇൻഡിഗോ വിമാനത്തിൽ ദുബായിൽ നിന്ന് എത്തിയ കോഴിക്കോട് സ്വദേശി 30.5 ലക്ഷം രൂപ വില വരുന്ന 995 ഗ്രാം സ്വർണമാണ് കടത്താൻ ശ്രമിച്ചത്. ഇയാളുടെ ചെക്കിൻ ബാഗിലെ സ്പീക്കറിന്റെ ഉള്ളിൽ ഡിസ്ക് രൂപത്തിലും സ്വർണക്കട്ടിയായും ആണ് ഇത് ഒളിപ്പിച്ചിരുന്നത്. റിയാദിൽ നിന്നെത്തിയ മലപ്പുറം സ്വദേശി 61 ഗ്രാം വരുന്ന രണ്ടു സ്വർണ ബിസ്കറ്റുകളാണ് കൊണ്ടുവന്നത്. ഇതിന് ഒന്നര ലക്ഷം രൂപ വിലവരും. ഇയാളുടെ ബാഗിനുള്ളിലെ ഷേവിംഗ് ക്രീമിന്റെ ട്യൂബിലായിരുന്നു സ്വർണം.

