പാക്ക് പെൺകെണിയിൽ വ്യോമസേന ഉദ്യോഗസ്ഥൻ പെട്ടു : രഹസ്യങ്ങൾ ചോർന്നു
ന്യൂഡൽഹി : ഐ.എസ്.ഐ എന്ന പാക് ചാര സംഘടനയ്ക്ക് വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ അരുൺ മർവ (51) ആണ് വിവരങ്ങൾ ചോർത്തിയത്. സോഷ്യൽ മീഡിയയിലൂടെ സ്ത്രീയെന്ന വ്യാജേന പരിചയപ്പെട്ട ഐ.എസ്.ഐ ഏജന്‍റിനാണ് വിവരങ്ങൾ കൈമാറിയിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
വ്യോമസേനയുടെ ഡൽഹിയിലുള്ള ആസ്ഥാനത്ത് ജോലി ചെയ്തിരുന്ന അരുൺ മർവാഹയ്ക്കെതിരെ ഒഫീഷ്യൽ സീക്രട്ട്സ് ആക്ട് (ഔദ്യോഗിക രഹസ്യ നിയമം) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
മാസങ്ങൾ മുന്പ് ഫേസ്ബുക്കിലൂടെയാണ്, സ്ത്രീയെന്ന് വെളിപ്പെടുത്തിയ ഐ.എസ്.ഐ ഏജന്‍റുമായി അരുൺ മർവ്വ പരിചയപ്പെടുന്നത്. ചാറ്റിങ്ങിലൂടെയും വാട്ട്സ്ആപ്പിലൂടെയും അരുണിന്റെ വിശ്വാസം നേടിയെടുക്കുകയായിരുന്നു. തന്ത്രപ്രധാനമായ രഹസ്യങ്ങൾ ഉദ്യോഗസ്ഥൻ പങ്കുവെച്ചെന്നാണ് വിവരം. സൈബർ സുരക്ഷ, ശൂന്യാകാശ പരീക്ഷണങ്ങൾ, സ്പെഷ്യൽ ഓപ്പറേഷൻ തുടങ്ങി വിവിധ മേഖലകളിലെ വിവരങ്ങളാണ് ഇദ്ദേഹം കൈമാറിയത്. ഇതുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളും മർവ്വ വാട്സ്ആപ്പ് വഴി ചിത്രങ്ങളായി അയച്ചു നൽകിയെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി.
ആഴ്ചകൾക്ക് മുന്പ് വ്യോമസേനയിലെ ഉയർന്ന ഉദ്യോഗസ്ഥൻനാണ് വിവരം കണ്ടെത്തിയത്. തുടർന്ന് അരുണിനെ കസ്റ്റഡിയിലെടുക്കുകയും അന്വേഷണം നടത്തുകയുമായിരുന്നു. അടുത്ത വർഷം വിരമിക്കാനിരുന്ന ഇദ്ദേഹത്തിനെതിരെ 14 വർഷം തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.




