പശ്ചിമേഷ്യൻ ഉപഗ്രഹചിത്രങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി അമേരിക്ക; പ്ലാനറ്റ് ലാബ്സ് ഡാറ്റാ വിതരണം പരിമിതപ്പെടുത്തി
ശാരിക I അന്താരാഷ്ട്രം
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ ഇറാനുമായുള്ള സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, മേഖലയിലെ ഉപഗ്രഹചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് അമേരിക്കൻ സർക്കാർ നിയന്ത്രണമേർപ്പെടുത്തി. ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ അഭ്യർത്ഥനയെത്തുടർന്ന് പ്രമുഖ ഉപഗ്രഹ ഇമേജറി കമ്പനിയായ 'പ്ലാനറ്റ് ലാബ്സ് പിബിസി' (Planet Labs PBC) തങ്ങളുടെ ഡാറ്റാ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി അറിയിച്ചു.
മാർച്ച് 9 മുതലുള്ള ചിത്രങ്ങൾക്കാണ് ഈ നിയന്ത്രണം ബാധകമാകുക. നിലവിലെ സംഘർഷാവസ്ഥ പരിഹരിക്കപ്പെടുന്നത് വരെ ഈ നടപടി തുടരുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. അസാധാരണമായ സാഹചര്യമാണിതെന്നും വിവിധ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായിട്ടാണ് ഇത്തരമൊരു തീരുമാനമെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കുമെതിരെ ആക്രമണം നടത്താൻ ശത്രുപക്ഷത്തുള്ളവർ ഉപഗ്രഹചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് ഈ നീക്കം. കഴിഞ്ഞ മാസം പശ്ചിമേഷ്യൻ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നത് 14 ദിവസത്തേക്ക് കമ്പനി വൈകിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ നിയന്ത്രണങ്ങൾ. ലക്ഷ്യസ്ഥാനങ്ങൾ തിരിച്ചറിയുന്നതിനും മിസൈൽ ട്രാക്കിംഗിനും സൈനിക ആശയവിനിമയത്തിനും ഉപഗ്രഹ സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.
സുരക്ഷാ ഭീഷണിയുയർത്താത്ത ചിത്രങ്ങൾ മാത്രം പുറത്തുവിടുന്ന 'മോഡറേറ്റഡ് ഡിസ്ട്രിബ്യൂഷൻ' (Moderated Distribution) എന്ന പുതിയ സംവിധാനമാണ് പ്ലാനറ്റ് ലാബ്സ് ഇനി പിന്തുടരുക. പൊതുജനതാൽപ്പര്യമോ അത്യാവശ്യ സാഹചര്യങ്ങളോ ഉണ്ടെങ്കിൽ മാത്രമേ നിയന്ത്രിത മേഖലകളിലെ ചിത്രങ്ങൾ ലഭ്യമാക്കൂ.
അതേസമയം, മറ്റൊരു പ്രമുഖ കമ്പനിയായ 'വാന്റർ' (Vantor - മുൻപ് മാക്സർ ടെക്നോളജീസ്) തങ്ങൾക്ക് ഇത്തരത്തിൽ ഔദ്യോഗിക നിർദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് അറിയിച്ചു. എങ്കിലും ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്ന ഇടങ്ങളിൽ ചിത്രങ്ങൾ നൽകുന്നതിന് തങ്ങൾ നേരത്തെ തന്നെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. യുഎസ് സൈന്യം സജീവമായ ഇടങ്ങളിലെ ചിത്രങ്ങൾ വാങ്ങുന്നതിനും പുതിയ ചിത്രങ്ങൾക്കായി ഓർഡർ നൽകുന്നതിനും നിലവിൽ നിയന്ത്രണങ്ങളുണ്ട്.
edfd
