അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി


ഷീബ വിജയൻ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 27 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തിറക്കി. പാർട്ടി സംസ്ഥാന മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ പട്ടികയിൽ ഇടംപിടിക്കാത്തത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. കോയമ്പത്തൂർ നോർത്ത് സീറ്റിൽ മത്സരിക്കാൻ അണ്ണാമലൈ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും പാർട്ടി അത് അനുവദിച്ചില്ല. പകരം മഹിളാ മോർച്ച ദേശീയ പ്രസിഡന്റ് വനതി ശ്രീനിവാസനാണ് കോയമ്പത്തൂർ നോർത്തിൽ നിന്ന് ജനവിധി തേടുന്നത്.

കേന്ദ്രമന്ത്രി എൽ. മുരുകൻ അവിനാശി മണ്ഡലത്തിൽ നിന്നും മുൻ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ മൈലാപ്പൂർ മണ്ഡലത്തിൽ നിന്നും മത്സരിക്കും. മോഡക്കുറിച്ചിയിൽ കീർത്തിക ശിവകുമാറും വിളവൻകോട് മണ്ഡലത്തിൽ എസ്. വിജയധരണിയും തള്ളിയിൽ നാഗേഷ് കുമാറുമാണ് മറ്റു പ്രധാന സ്ഥാനാർത്ഥികൾ. എഐഎഡിഎംകെ നേതൃത്വം നൽകുന്ന സഖ്യത്തിലാണ് ഇത്തവണ ബിജെപി മത്സരിക്കുന്നത്. ആകെ 234 സീറ്റുകളുള്ള നിയമസഭയിൽ ബിജെപിക്ക് 27 സീറ്റുകളാണ് നീക്കിവച്ചിരിക്കുന്നത്. സഖ്യകക്ഷികളായ പിഎംകെ 18 സീറ്റിലും എഎംഎംകെ 11 സീറ്റിലും മത്സരിക്കും.

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ ഭാഗമായി സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ നൽകുന്ന 'ഇല്ലത്തരസി' കൂപ്പൺ ഉൾപ്പെടെയുള്ള പദ്ധതികൾ ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. എഐഎഡിഎംകെ ഏകദേശം 170 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തുമെന്നാണ് സൂചന. അണ്ണാമലൈയെ മാറ്റിനിർത്തിയത് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

article-image

jlkjkl

You might also like

  • NEC

Most Viewed