ഹോർമുസ് കടലിടുക്കിലെ സംഘർഷം: അന്താരാഷ്ട്ര ഇടപെടലിന് ആഹ്വാനം ചെയ്ത് ബഹ്റൈൻ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ :ഹോർമുസ് കടലിടുക്കിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിൽ അടിയന്തരവും ഏകോപിതവുമായ അന്താരാഷ്ട്ര ഇടപെടൽ ആവശ്യപ്പെട്ട് ബഹ്‌റൈൻ. നിലവിലെ സാഹചര്യം ആഗോള സ്ഥിരതയെയും ഭക്ഷ്യസുരക്ഷയെയും അന്താരാഷ്ട്ര നിയമവ്യവസ്ഥയെയും സാരമായി ബാധിക്കുമെന്ന് ബഹ്‌റൈൻ വിദേശകാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി മുന്നറിയിപ്പ് നൽകി.

വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഭീഷണി എന്നതിലുപരി, ലോകമെമ്പാടും പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒരു വലിയ പ്രതിസന്ധിയായി ഇത് മാറിയിരിക്കുകയാണ്. ഇതിന് പരിഹാരം കാണാൻ വൈകുന്നത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫെബ്രുവരി 28-ന് ശേഷം ഹോർമുസ് കടലിടുക്കിലൂടെയുള്ള സമുദ്രഗതാഗതത്തിൽ 90 ശതമാനത്തിലധികം കുറവുണ്ടായതായി മന്ത്രി ചൂണ്ടിക്കാട്ടി. ഊർജ്ജ വിപണിയെ മാത്രമല്ല, വളം ഉൾപ്പെടെയുള്ള കാർഷിക ഉൽപന്നങ്ങളുടെയും ആഗോള വിതരണ ശൃംഖലയെയും ഇത് തടസ്സപ്പെടുത്തിയിട്ടുണ്ട്. ഈ പ്രതിസന്ധി തുടർന്നാൽ അറബ് മേഖലയിലെ 40 ലക്ഷം പേർ ദാരിദ്ര്യത്തിലേക്ക് വീഴുമെന്നും ലോകമെമ്പാടുമുള്ള 4.5 കോടിയിലധികം ആളുകൾ പട്ടിണിയിലാകുമെന്നും യുഎൻ കണക്കുകളെ ഉദ്ധരിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകി.

വിഷയം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ ഉന്നയിക്കാനുള്ള ബഹ്‌റൈന്റെ തീരുമാനം സ്ഥിതിഗതികളുടെ ഗൗരവം വെളിപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇതൊരു പ്രാദേശിക തർക്കമല്ല, മറിച്ച് ഒരു അന്താരാഷ്ട്ര അടിയന്തരാവസ്ഥയാണെന്നും വിദേശകാര്യമന്ത്രി വിശേഷിപ്പിച്ചു. അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ വികസ്വര രാജ്യങ്ങളാകും ഇതിന്റെ ഏറ്റവും വലിയ ദുരിതം അനുഭവിക്കേണ്ടി വരികയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

aqsadsdsds

You might also like

  • NEC

Most Viewed