സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ രാജാവ്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: മേഖലയിലെ സങ്കീർണ്ണമായ സാഹചര്യങ്ങൾക്കിടയിൽ രാജ്യത്തിന്റെ സുരക്ഷയ്ക്കും ജനങ്ങളുടെ ക്ഷേമത്തിനുമാണ് പ്രഥമ പരിഗണനയെന്ന് ബഹ്‌റൈൻ രാജാവും സായുധ സേനയുടെ സുപ്രീം കമാൻഡറുമായ ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ. മനാമയിൽ ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് ) അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബി.ഡി.എഫ് ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിലും സേനാംഗങ്ങൾ പുലർത്തുന്ന പ്രൊഫഷണലിസത്തെയും ധീരതയെയും രാജാവ് പ്രശംസിച്ചു. ബഹ്‌റൈനെയും അയൽരാജ്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന പ്രകോപനപരമായ നീക്കങ്ങളെ അദ്ദേഹം ശക്തമായി അപലപിച്ചു. ജനവാസ മേഖലകളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ സ്വകാര്യ സ്വത്തുക്കൾക്കും ജനങ്ങൾക്കും നാശനഷ്ടങ്ങൾ വരുത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആക്രമണങ്ങളിൽ തകർന്ന സ്വത്തുക്കൾക്കും ഉണ്ടായ മറ്റ് നഷ്ടങ്ങൾക്കും സർക്കാർ കൃത്യമായ നഷ്ടപരിഹാരം നൽകുമെന്ന് രാജാവ് പൗരന്മാർക്ക് ഉറപ്പുനൽകി. ബഹ്‌റൈനിലെ ഓരോ കുടുംബത്തിന്റെയും സുരക്ഷയും ക്ഷേമവുമാണ് ഭരണകൂടത്തിന്റെ ഏറ്റവും വലിയ മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയം പാലിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ആവർത്തിച്ചു.
പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങൾ പ്രകടിപ്പിച്ച ഐക്യത്തെയും സന്നദ്ധസേവനത്തിന് കാണിച്ച താൽപ്പര്യത്തെയും രാജാവ് അഭിനന്ദിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി ജാഗ്രത തുടരണമെന്നും ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജരായിരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഒരുമിച്ചുള്ള പോരാട്ടത്തിലൂടെ ബഹ്‌റൈൻ സുരക്ഷിതവും കരുത്തുറ്റതുമായ രാജ്യമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
dffdfd
