സാമ്പത്തിക പ്രതിസന്ധിയിലും ശമ്പളം വെട്ടിക്കുറയ്ക്കാൻ കഴിയില്ല; തൊഴിൽ നിയമങ്ങൾ വ്യക്തമാക്കി ബഹ്റൈനി അഭിഭാഷക
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്തെ പ്രത്യേക സാഹചര്യങ്ങളോ സാമ്പത്തിക സമ്മർദ്ദമോ കാരണമാക്കി തൊഴിലാളികളുടെ ശമ്പളം ഏകപക്ഷീയമായി വെട്ടിക്കുറയ്ക്കാനോ അവരെ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കാൻ നിർബന്ധിക്കാനോ തൊഴിലുടമയ്ക്ക് നിയമപരമായി അവകാശമില്ലെന്ന് ബഹ്റൈനിലെ പ്രമുഖ അഭിഭാഷക സിദ്ദീഖ അൽ മവാലി വ്യക്തമാക്കി. ബഹ്‌റൈൻ തൊഴിൽ നിയമപ്രകാരം തൊഴിലാളികൾക്ക് കൃത്യമായ വേതനം ലഭിക്കാൻ അവകാശമുണ്ടെന്നും വളരെ പരിമിതമായ സാഹചര്യങ്ങളിൽ മാത്രമേ ശമ്പളത്തിൽ മാറ്റം വരുത്താൻ സാധിക്കൂ എന്നും അവർ 'ദ ഡെയ്‌ലി ട്രിബ്യൂണിനോട്' പറഞ്ഞു. ബഹ്‌റൈന് നേരെയുണ്ടായ ഇറാൻ ആക്രമണങ്ങളെത്തുടർന്ന് പൊതുജീവിതത്തിലും സാമ്പത്തിക മേഖലയിലും ഉണ്ടായ ആഘാതങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നിയമവിശദീകരണം.
ജോലിക്ക് പ്രതിഫലമായി ലഭിക്കുന്ന നിശ്ചിത അവകാശമാണ് വേതനമെന്നും വ്യക്തമായ നിയമപരമായ ചട്ടക്കൂടിന് പുറത്ത് ഇതിൽ മാറ്റം വരുത്താൻ കഴിയില്ലെന്നും അവർ ചൂണ്ടിക്കാട്ടി. തൊഴിൽ നിയമത്തിലെ 41, 43 വകുപ്പുകൾ പ്രകാരം, തൊഴിലാളിയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ മാസശമ്പളത്തിലോ ആഴ്ചയിലുള്ള വേതനത്തിലോ യാതൊരു മാറ്റവും വരുത്താൻ പാടില്ല. ഒരു തൊഴിലാളി ജോലിക്ക് ഹാജരാകുകയും എന്നാൽ തൊഴിലുടമ ജോലി നൽകാൻ വിസമ്മതിക്കുകയും ചെയ്താൽ അയാൾക്ക് പൂർണ്ണ ശമ്പളത്തിന് അർഹതയുണ്ട്. എന്നാൽ സർക്കാർ ഉത്തരവ്, പ്രകൃതിക്ഷോഭം അല്ലെങ്കിൽ തൊഴിലുടമയുടെ നിയന്ത്രണത്തിന് പുറത്തുള്ള കാരണങ്ങളാൽ ജോലി തടസ്സപ്പെട്ടാൽ മാത്രമേ പകുതി ശമ്പളം നൽകാൻ നിയമം അനുവദിക്കുന്നുള്ളൂ.
ഇത്തരം പ്രതിസന്ധികൾക്കിടയിലും തൊഴിലാളി ജോലി തുടരുന്നുണ്ടെങ്കിൽ പകുതി ശമ്പളം നൽകുന്നത് നിയമവിരുദ്ധമാണെന്ന് അൽ മവാലി ഓർമ്മിപ്പിച്ചു. അത്തരം സന്ദർഭങ്ങളിൽ തൊഴിലാളിക്ക് പൂർണ്ണ ശമ്പളത്തിനും തുക വൈകുന്നതിനാലുള്ള നഷ്ടപരിഹാരത്തിനും കോടതിയെ സമീപിക്കാവുന്നതാണ്. തൊഴിലുടമയുടെയോ തൊഴിലാളിയുടെയോ ഭാഗത്തല്ലാത്ത കാരണങ്ങളാൽ ജോലി തടസ്സപ്പെടുമ്പോൾ ഇരുപക്ഷത്തെയും സംരക്ഷിക്കുന്ന തുല്യമായ നീതിയാണ് നിയമം ഉറപ്പാക്കുന്നത്. ശമ്പളമില്ലാത്ത അവധിയിൽ പോകാൻ ഒരു തൊഴിലാളിയെയും നിർബന്ധിക്കാൻ കഴിയില്ലെന്നും ഇത്തരം തീരുമാനങ്ങൾ ഇരുഭാഗവും തമ്മിലുള്ള വ്യക്തമായ കരാറിന്റെ അടിസ്ഥാനത്തിൽ മാത്രമേ എടുക്കാവൂ എന്നും അവർ കൂട്ടിച്ചേർത്തു.
cxdfdf
