8 ലക്ഷം ദിനാറിന്റെ വൻ മോഷണം: ഏഴംഗ സംഘത്തെ പിടികൂടി തലസ്ഥാന പോലീസ്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: വീടുകളിൽ അതിക്രമിച്ചു കയറി 8,00,000 ദിനാറിലധികം (ഏകദേശം 17 കോടിയിലധികം ഇന്ത്യൻ രൂപ) വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളും ആഡംബര വാച്ചുകളും കവർന്ന കേസിൽ ഏഴ് യുവാക്കളെ ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. 18-നും 23-നും ഇടയിൽ പ്രായമുള്ളവരാണ് പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
താമസക്കാർ വീട്ടിലില്ലാത്ത സമയം കൃത്യമായി മനസ്സിലാക്കി പ്ലാൻ ചെയ്തായിരുന്നു പ്രതികൾ മോഷണം നടത്തിയത്. വീട്ടുടമസ്ഥൻ പരാതി നൽകിയ ഉടൻ തന്നെ പോലീസ് വിപുലമായ അന്വേഷണം ആരംഭിച്ചിരുന്നു. ശേഖരിച്ച വിവരങ്ങളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പോലീസ് വലയിലാക്കിയത്. വിവിധയിടങ്ങളിൽ ഒളിപ്പിച്ചു വെച്ചിരുന്ന നിലയിൽ മോഷണവസ്തുക്കളും ഇവരിൽ നിന്ന് കണ്ടെടുത്തു.
അറസ്റ്റിലായവരിൽ ഒരാൾ നേരത്തെയും മറ്റൊരു സുരക്ഷാ കേസുമായി ബന്ധപ്പെട്ട് പോലീസ് നിരീക്ഷണത്തിലായിരുന്ന വ്യക്തിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. പിടിയിലായവർക്കെതിരെ നിയമാനുസൃതമായ നടപടികൾ സ്വീകരിച്ചതായും കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് അറിയിച്ചു.
dfsdsfads
