കടുത്ത തീരുമാനങ്ങൾ എടുക്കരുതെന്ന് അമിത് ഷാ : തെലുങ്കുദേശം അയഞ്ഞു

ഹൈദരാബാദ് : ബജറ്റിലെ അവഗണനയുടെ പേരിൽ എൻ.ഡി.എയുമായുള്ള സഖ്യം വിടുമെന്ന് ഭീഷണി മുഴക്കിയ തെലുങ്കുദേശം പാർട്ടി അയഞ്ഞു. തെലുങ്കുദേശം പാർട്ടി എൻ.ഡി.എയിൽ തന്നെ തുടരാൻ തീരുമാനിച്ചതായി തെലുങ്കുദേശം പാർട്ടി (ടി.ഡി.പി) നേതാവും കേന്ദ്രമന്ത്രിയുമായ വൈ.എസ് ചൗധരി അറിയിച്ചു. എന്നാൽ ആന്ധ്രപ്രദേശിന് പ്രത്യേക പാക്കേജ് അനുവദിക്കാൻ സമ്മർദ്ദം ചെലുത്താൻ ചന്ദ്രബാബു നായിഡുവിെൻ നേതൃത്വത്തിൽ ചേർന്ന അടിയന്തര യോഗത്തിൽ തീരുമാനമായി. ബജറ്റിൽ ആന്ധ്രപ്രദേശിനെ അവഗണിച്ചതുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ കേന്ദ്രത്തെ അറിയിക്കും. എന്നിട്ടും അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ പ്രതിഷേധ നടപടികളിലേക്കു കടക്കുമെന്നും ചൗധരി പറഞ്ഞു.
കേന്ദ്ര ബജറ്റിൽ ആന്ധ്രാപ്രദേശിനെ അവഗണിച്ചതിൽ പ്രതിഷേധിച്ച് എൻ.ഡി.എ വിടുന്ന കാര്യത്തിൽ തൂരുമാനമെടുക്കാനാണ് തെലുങ്കുദേശം പാർട്ടി ഇന്ന് യോഗം ചേർന്നത്. പാർട്ടി എം.പിമാർ, മന്ത്രിമാർ, മുതിർന്ന നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു.
അതിനിടെ അമിത് ഷാ നായിഡുവിനെ ഫോണിൽ ബന്ധപ്പെട്ട് കടുത്ത തീരുമാനങ്ങൾ എടുക്കരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഏത് പ്രശ്നങ്ങൾക്കും ചർച്ചയിലൂടെ പരിഹാരം കാണാമെന്നും അതിനാൽ തന്നെ സഖ്യം പിരിയാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നും അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. നായിഡുവുമായുള്ള ചർച്ചയ്ക്ക് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി റാം മാധവിനെയും പ്രത്യേക ദൂതനായി അയച്ചിട്ടുണ്ട്.
ടി.ഡി.പി, എൻ,ഡി.എ സഖ്യം വിടുകയാണെങ്കിൽ ദക്ഷിണേന്ത്യയിൽ തന്നെ ബി.ജെ.പിക്ക് അത് വലിയ തിരിച്ചടിയായിരിക്കും. സംസ്ഥാനത്തിന് പ്രത്യേക പദവിയോ പ്രത്യേക പാക്കേജോ നൽകണമെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലിയുമായുള്ള കൂടിക്കാഴ്ചയിൽ ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടിരുന്നു. എന്നാലിത് കേന്ദ്രം പരിഗണിക്കാതിരുന്നതാണ് നായിഡുവിനെ ചൊടിപ്പിച്ചത്.