സ്വകാര്യ കന്പനികൾ ബഹ്‌റൈനിസത്തെ പ്രോത്സാഹിപ്പിക്കണമെന്ന് എം.പി


മനാമ : 80 ശതമാനമോ അതിലധികമോ ബഹ്‌റൈനികൾക്ക് തൊഴിൽ നൽകുന്ന സ്വകാര്യ കന്പനികൾക്ക് വിവിധ ഫീസിളവുകൾ നൽകണമെന്ന് എം.പി അദൽ ഹമീദ് പറഞ്ഞു. ഇത്തരം സ്വകാര്യ കന്പനികൾക്ക് കൂടുതൽ പ്രോത്സാഹനവും ആനുകൂല്യങ്ങളും നൽകുന്നതിലൂടെ ബഹ്‌റൈനികൾക്ക് തൊഴിൽ ഉറപ്പാക്കാനും തൊഴിലില്ലായ്മ പരിഹരിക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 

2016 മേയ് മാസത്തിൽ തൊഴിൽ −സാമൂഹ്യ വികസന മന്ത്രി ജമീൽ ഹുമൈദനുമായി ചേർന്ന് ഹമീദ് ഈ വിഷയം സഭയിൽ അവതരിപ്പിച്ചിരുന്നു. മന്ത്രാലയം വിവിധ വാഗ്ദാനങ്ങൾ നൽകിയെങ്കിലും ഒന്നും നടപ്പാക്കപ്പെട്ടില്ല. ബഹ്‌റൈനികൾ മാത്രമുള്ള സ്വകാര്യ കന്പനികളുണ്ടെന്നും എന്നാൽ, അവർക്ക് ആനുകൂല്യങ്ങൾ നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിർദ്ദേശം നടപ്പാക്കുന്നത് രാജ്യത്തിന്റെ സന്പത്ത് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നും ബഹ്‌റൈൻ സ്വദേശികൾക്ക് കൂ‍‍‍‍‍‍ടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പല കന്പനികളിലും ബഹ്‌റൈനി തൊഴിലാളികളുടെ നിരക്ക് ഇപ്പോൾ  കുറവാണ്. ഇത് തൊഴിലില്ലായ്മ വർദ്ധിപ്പിക്കുന്നു. ബന്ധപ്പെട്ട അധികാരികളുടെയും തൊഴിൽ−സാമൂഹ്യ വികസന മന്ത്രാലയത്തിന്റെ പരിശ്രമങ്ങൾക്കിടയിലും ഈ നിരക്ക് ഉയരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിസിനസിന്റെ സ്വഭാവം അനുസരിച്ച് തൊഴിൽ പെർമിറ്റ്, വ്യവസായ− വാണിജ്യ− ടൂറിസം മന്ത്രാലയങ്ങളുടേത് ഉൾപ്പെടെ എല്ലാ പെർമിറ്റുകളുടെയും നിരക്കും ബിസിനസ് ഫീസുകളും കുറയ്ക്കാനാണ് നിർദ്ദേശമെന്നും എം.പി പറഞ്ഞു. 

നിയമപരമായ നടപടികൾ ഒഴിവാക്കാൻ ബഹ്‌റൈനിസേഷൻ നിരക്കുകളുടെ ഏറ്റവും കുറഞ്ഞ നിരക്കാണ് മിക്ക കന്പനികളും നടപ്പാക്കുന്നത്. എന്നാൽ ബഹ്‌റൈനികളുടെ നിരക്ക് വർദ്ധിപ്പിക്കാൻ മുൻകൈ എടുക്കുന്ന കന്പനികൾക്ക് യഥാർത്ഥ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നും അദൽ ഹമീദ് വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed