ശ്രീജിത്ത് വീണ്ടും സമരം തുടങ്ങി

തിരുവനന്തപുരം : പോലീസ് കസ്റ്റഡിയിൽ ഇരിക്കെ മരിച്ച തിരുവനന്തപുരം സ്വദേശി ശ്രീജിവിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് 782 ദിവസം നിയമസഭാ മന്ദിരത്തിന് മുന്നിൽ സമരം നടത്തിയ സഹോദരൻ ശ്രീജിത്ത് വീണ്ടും അനിശ്ചിതകാല സമരം തുടങ്ങി. ശ്രീജിവിന്റെ മരണത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്ന് മാറ്റി നിർത്തണമെന്നാവശ്യപ്പെട്ടാണ് ശ്രീജിത്തിന്റെ പ്രതിഷേധം.
നേരത്തെ ശ്രീജിത്ത് നടത്തിയ പ്രതിഷേധ സമരത്തിനൊടുവിൽ കസ്റ്റഡി മരണം സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്താം എന്ന് തീരുമാനിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. സി.ബി.ഐ സംഘം ശ്രീജിത്തിൽ നിന്നും മാതാവിൽ നിന്നും മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ കഴിഞ്ഞ മാസം 31ന് ശ്രീജിത്ത് അനിശ്ചിതകാല സമരം അവസാനിപ്പിച്ചിരുന്നു.
എന്നാൽ, കേസിലെ കുറ്റാരോപിതരായ ഉദ്യോഗസ്ഥർ തന്‍റെ നാട്ടുകാരാണെന്നും അത്തരം ഒരു അവസ്ഥയിൽ നാട്ടിൽ ജീവിക്കുന്നതിൽ ആശങ്ക ഉണ്ടെന്നും ശ്രീജിത്ത് വ്യക്തമാക്കി. തനിക്കും അമ്മയ്ക്കും നേരെ ഭീഷണികളുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു. അതുകൊണ്ട് കുറ്റാരോപിതരായ പോലീസ് ഉദ്യോഗസ്ഥരെ മാറ്റി നിർത്തി വേണം സി.ബി.ഐ കേസ് അന്വേഷിക്കാൻ എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ശ്രീജിത്ത് വീണ്ടും സമരം ആരംഭിച്ചിരിക്കുന്നത്.