പദ്മാവതിനെതിരെയുള്ള പ്രതിഷേധ സമരം പിൻവലിച്ചിട്ടില്ലെന്ന് ലോകേന്ദ്ര സിംഗ് കാൽവി

ജയ്പുർ : പദ്മാവത് സിനിമയ്ക്കെതിരെ കർണിസേന നടത്തുന്ന സമരം പിൻവലിച്ചിട്ടില്ലെന്നും രാജസ്ഥാനിൽ ബി.ജെ.പിക്കേറ്റ പരാജയം രജ്പുത് വംശജരുടെ വികാരങ്ങളെ മാനിക്കാത്തതിനുള്ള മറുപടിയാണെന്നും കർണിസേന നേതാവ് ലോകേന്ദ്രസിംഗ് കാൽവി. സഞ്ജയ് ലീല ബെൻസാലി ചിത്രം പദ്മാവതിക്കെതിരായുള്ള സമരം പിൻവലിച്ചതായ വാർത്ത വ്യാജമാണെന്ന് അദ്ദേഹം പറഞ്ഞു. സമരം ഇനിയും തുടരുമെന്നും കൽവി ചൂണ്ടിക്കാട്ടി. പലതരം കർണിസേനകൾ ഉണ്ടായിവരികയാണ്. വ്യാജ കർണി സേനയാണ് ഇതിനു പിന്നിലെന്നും കാൽവി പറഞ്ഞു. ഇന്ത്യയിൽ ധാരാളം വ്യാജ കർണി സേന ഉദയം ചെയ്തിട്ടുണ്ട്. സ്ഥാപിത താൽപര്യങ്ങളോടെ എട്ടോളം സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. ഇതെല്ലാം വ്യാജമാണ്. ബി.ജെ.പി പണം നൽകി വളർത്തുന്നവയാണ് ഇവയെല്ലാം. ഇവരാണ് അനാവശ്യ വിവാദങ്ങളും പ്രസ്താവനകളും ഇറക്കുന്നത്. എന്നാൽ യഥാർഥ സംഘടന ശ്രീ രജ്പുത് കർണിസേനയാണെന്നും ആ സംഘടന സമരത്തിൽ നിന്ന് പിന്‍മാറിയിട്ടില്ലെന്നും കാൽവി പറഞ്ഞു.
രാജസ്ഥാൻ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തുകയെന്നത് ഞങ്ങളുടെ ലക്ഷ്യമായിരുന്നു. അത് പാലിക്കാനായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രജപുത് സമൂഹത്തിന്‍റെ വികാരങ്ങളെ വൃണപ്പെടുത്തിയാൽ രാഷ്ട്രീയമായ തിരിച്ചടി ഉണ്ടാകുമെന്ന് സർക്കാരിനെ ബോധ്യപ്പെടുത്തുകയാണ്.
വോട്ടിലൂടെ സർക്കാരിന് മറുപടി കൊടുക്കുകയെന്നാണ് കർണിസേന ഉദ്ദേശിക്കുന്നത്. നോട്ടിനും വോട്ടിനും കർണിസേന ഒരേ രീതിയിൽ മറുപടി നൽകി. ബെൻസാലി 500 കോടിയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തിന്‍റെ സ്വപ്നങ്ങൾ തകർന്നു. 150 കോടി മാത്രമാണ് സ്വന്തമാക്കാനായത്. ഇതേപോലെ ബി.ജെ.പിയുടെ വോട്ടും കുറയുമെന്നും കാൽവി പറഞ്ഞു.