യു­.എസി­ന്റെ­ പു­തി­യ ആണവനയം ട്രംപ് പു­റത്തി­റക്കി­


വാഷിംഗ്ടൺ : അണവായുധ ശേഖരം വർദ്ധിപ്പിക്കുന്നതുൾപ്പെടെയുള്ള തീരുമാനവുമായി അമേരിക്കയുടെ പുതിയ ആണവനയം പെന്റഗൺ പുറത്തിറക്കി. അമേരിക്കൻ ആയുധശേഖരത്തിൽ അണവായുധങ്ങളുടെ വലുപ്പം കുറച്ചു കൊണ്ടുവരുമെന്ന ഒബാമ സർക്കാരിന്റെ നയത്തിന് വിരുദ്ധമാണ് ട്രംപ് സർക്കാർ പുറത്തിറക്കിയ പുതിയനയം. 2010−നുശേഷം ആദ്യമായാണ് ആണവനയത്തിൽ പ്രകടമായ മാറ്റങ്ങൾ വരുത്തുന്നത്.

രണ്ടിനം അണവായുധങ്ങൾ പുതുതായി നിർമിക്കാനുള്ള തീരുമാനമാണ് ഇതിൽ പ്രധാനം. 20 കിലോടൺസിന് താഴെ പ്രഹരശേഷിയുള്ള ചെറു ആണവ ബോംബുകളാണ് ഇതിലൊന്ന്. അന്തർവാഹിനികളിൽ നിന്ന് തൊടുത്തുവിടാൻ കഴിയുന്നവയാണിവ. കുറഞ്ഞ പ്രഹരശേഷി എന്നു പറയുന്പോഴും ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും വർഷിച്ച ബോംബുകളുണ്ടാക്കിയ നാശനഷ്ടങ്ങൾ ഇവയ്ക്കും ഉണ്ടാക്കാൻ കഴിയും. 

പ്രധാനമായും റഷ്യയിൽ നിന്നുള്ള ആണവഭീഷണിയെ നേരിടാനാണ് നയത്തിൽ  മാറ്റം വരുത്തുന്നതെന്ന് പെന്റഗൺ വ്യക്തമാക്കുന്നുണ്ട്. മറ്റൊരിക്കലും ഉണ്ടാകാത്ത ആണവ ഭീഷണിയാണ് അമേരിക്ക ഇപ്പോൾ നേരിടുന്നത്. അണവായുധശേഷിയുടെ കാര്യത്തിൽ ശത്രുക്കളുടെ ഭാഗത്തുണ്ടായ വികസനവും വിന്യാസവും കണക്കിലെടുത്താണിതെന്ന് നയത്തിൽ പറയുന്നു. ലോകം എങ്ങനെയായിരിക്കണമെന്ന നമ്മുടെ ആഗ്രഹത്തെ അടിസ്ഥാനപ്പെടുത്തിയല്ല, മറിച്ച് നിലവിലെ ലോകം യഥാർത്ഥത്തിൽ എങ്ങനെയാണെന്നതിനെ ഉൾക്കൊണ്ടുകൊണ്ടുള്ള നയമാണിതെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് പറഞ്ഞു.

റഷ്യ, ഉത്തരകൊറിയ, ചൈന എന്നീ രാജ്യങ്ങളിൽ നിന്ന് ആണവഭീഷണി വർദ്ധിച്ച സാഹചര്യമാണ് ഇപ്പോഴുള്ളത്. ഈ രാജ്യങ്ങളെല്ലാം ഒബാമയുടെ നയം പിന്തുടരുന്നതിനു പകരം അവരവരുടെ ആണവശേഷി വർദ്ധിപ്പിക്കുകയാണ് ചെയ്തതെന്നും ട്രംപ് ഭരണകൂടം ഓർമിപ്പിച്ചു.

അതേസമയം പുതിയ നയത്തെ വിമർശിച്ച് ജപ്പാനിൽ അണവായുധ ആക്രമണം അതിജീവിച്ചവരുടെ സംഘടനകൾ രംഗത്തെത്തി. അമേരിക്കൻ നയത്തിൽ മാറ്റം വരുത്തുന്നത് ആഗോളതലത്തിൽ ആണവ നിരായുധീകരണത്തിന് തടസം സൃഷ്ടിക്കുമെന്ന് ജപ്പാൻ കോൺഫെഡറേഷൻ ഓഫ് എ ആൻഡ് എച്ച് ബോംബ് സഫറേഴ്സ് ഓർഗനൈസേഷൻ തലവൻ തോഷിയുകി മിമാകി പറഞ്ഞു. അമേരിക്കയെ പോലൊരു ആഗോളശക്തി ആണവശേഷി ആധുനികീകരിക്കാനും വർദ്ധിപ്പിക്കാനും തീരുമാനിക്കുന്നതെങ്കിൽ, ആണവാക്രമണം അതിജീവിച്ച ജനതയ്ക്ക് ഒരിക്കലും അണവായുധമുക്തമായ ലോകം സ്വപ്നം കാണാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed