കശ്മീരിലെ വിദ്യാർത്ഥികൾക്ക് പാക് സർക്കാറിന്റെ സ്കോളർഷിപ്പ് വാഗ്ദാനം

ന്യൂഡൽഹി : കശ്മീരിലെ വിദ്യാർത്ഥികളെ സ്വാധീനിക്കാൻ പാക് സർക്കാർ സ്കോളർഷിപ്പ് വാഗ്ദാനം ചെയ്തിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജൻസിയുടെ വെളിപ്പെടുത്തൽ. പാക് സർക്കാരിന്റെ വിവിധ സ്കോളർഷിപ്പ് സ്കീമുകൾക്ക് കീഴിൽ എം.ബി.ബി.എസ്, എഞ്ചിനീയറിംഗ് സീറ്റുകളിലേക്കാണ് സ്കോർഷിപ്പ് വാഗ്ദാനം ചെയ്തത്.പാകിസ്ഥാനോട് കൂറ് പുലർത്തുന്ന ഡോക്ടർമാരേയും ടെക്നോക്രാറ്റുകളേയും സൃഷ്ടിക്കാനായി തീവ്രവാദികളും ഹുറിയത്ത് ഭീകരരും പാകിസ്ഥാനും തമ്മിൽ ശക്തമായ ബന്ധം നിലനിൽക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ് ഇതെന്ന് ന്യൂഡൽഹിയിലെ കോടതിയിൽ സമർപ്പിച്ച ചാർജ് ഷീറ്റിൽ എൻ.ഐ.എ ചൂണ്ടിക്കാണിക്കുന്നു.
വിദ്യാർത്ഥി വിസയിൽ പാകിസ്ഥാനിലേക്ക് പോകുന്ന വിദ്യാർഥികൾ വിവിധ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന തീവ്രവാദികളുടെ കുടുംബാംഗങ്ങളുടെ ബന്ധുക്കളോ ആയിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും എൻ.ഐ.എ വ്യക്തമാക്കുന്നുണ്ട്. ഈ വിദ്യാർത്ഥികൾക്ക് വിസ അനുവദിക്കുന്നതിനായി സയ്യീദ് അലി ഷാ ഗീലാനി അടക്കമുള്ള ഹുറിയത്ത് നേതാക്കൾ ന്യൂഡൽഹിയിലെ പാക് ഹൈക്കമ്മീഷണർക്ക് ശുപാർശ ചെയ്തിരുന്നുവെന്നും അന്വേഷണ സംഘം അവകാശപ്പെടുന്നുണ്ട്.