ബസ്സിനടിയിൽ കുടുങ്ങിയ മൃതദേഹവുമായി കർണാടക എസ്.ആർ.ടി.സി 70 കിലോമീറ്റർ ഒാടി

ബെംഗളൂരു : ബസ്സിനടിയിൽ കുടുങ്ങിയ മൃതദേഹവുമായി കർണാടക കെ.എസ്.ആർ.ടി.സി ബസ് ഓടിയത് 70 കിലോമീറ്റർ. തമിഴ്നാട്ടിലെ കൂനൂരിൽ നിന്നും ബെഗളൂരിവിലേക്ക് പുറപ്പെട്ട നോൺ എ.സി സ്ലീപ്പർ ബസിന്റെ അടിയിലാണ് അറിയാതെ മൃതദേഹം കുടുങ്ങിയത്. സംഭവുമായി ബന്ധപ്പെട്ട് ശാന്തിനഗർ ഡിപ്പോയിലെ മൊഹിനുദ്ദീൻ എന്ന ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിൽ നിന്നും മൈസൂരു−, മാണ്ധ്യ, ചന്നപട്ടണം റൂട്ടിലൂടെയാണ് ബസ് െബംഗ്ലൂരിലേക്ക് യാത്ര തിരിച്ചത്. ചന്നപട്ടണത്തെത്തിയപ്പോൾ വലിയ ശബ്ദം കേട്ടിരുന്നുവെന്ന് ഡ്രൈവർ പോലീസിനോട് പറഞ്ഞു. ശബ്ദം കേട്ടപ്പോൾ കല്ല് അടിയിൽ തട്ടിയതെന്നാണ് താൻ കരുതിയതെന്നും റിയർവ്യൂ മിററിലൂടെ നോക്കിയപ്പോൾ അസ്വാഭാവികമായി മറ്റൊന്നും കാണാത്തതിനാലാണ് താൻ യാത്ര തുടർന്നതെന്നും ഡ്രൈവർ പോലീസിനോട് പറഞ്ഞു.
പുലർച്ചെ 2.35 മണിയോടെയാണ് ബസ് ബെംഗളൂരുവിലെത്തിയത്. മൈസൂർ റോഡ് സാറ്റലൈറ്റ് ബസ് േസ്റ്റഷൻ മജസ്റ്റിക്, ശാന്തിനഗർ എന്നീ ബസ് േസ്റ്റഷനുകളിൽ നിർത്തിയതിനു ശേഷം ബസ് ബെംഗളൂരുവിലെ ഡിപ്പോയിൽ പാർക്ക് ചെയ്തു. എട്ട് മണിയോടെ ബസ് കഴുകാനായി മാറ്റിയപ്പോഴാണ് ബസ്സിനടിയിൽ മൃതദേഹം കുടുങ്ങിക്കിടക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ഡ്രൈവറെ റെസ്റ്റ് റൂമിൽ വിശ്രമിക്കുകയായിരുന്ന ഡ്രൈവറേയും വിൽസൺ ഗാർഡൻ പോലീസിനേയും വിവരമറിയിച്ചു. ബസ്സിനടിയിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. മുപ്പതിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ള പുരുഷനാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. മരണത്തിന് ഇടയാക്കുന്ന തരത്തിൽ അശ്രദ്ധമായി വാഹനമോടിച്ചുവെന്ന കുറ്റമാണ് മൊഹിനുദ്ദീനിന്റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കർണാടക കെ.എസ്.ആർ.ടി.സിയിൽ പത്ത് വർഷത്തോളം അനുഭവ പരിചയമുള്ള ആളാണ് മൊഹിനുദ്ദീനെന്നും ഇതുവരെ യാതൊരു വിധത്തിലുള്ള അപകട കേസുകളും ഇദ്ദേഹത്തിന്റെ സർവ്വീസ് റെക്കോർഡിൽ ഉണ്ടായിട്ടില്ലെന്നും പോലീസ് പറഞ്ഞു.