പശുക്കൾ രാജ്യത്ത് പൗരൻമാരെ കൊല്ലുന്നതിനുള്ള ആയുധമായി മാറിയെന്ന് ഡി. രാജ

ന്യൂഡൽഹി : പശുവിന്‍റെ പേരിൽ രാജ്യത്ത് ദളിതരും ന്യൂനപക്ഷ വിഭാഗങ്ങളും ആൾക്കുട്ടങ്ങളുടെ ആക്രമത്തിനിരയായി കൊല്ലപ്പെടുന്നതായി രാജ്യസഭയിൽ ഡി.രാജ പറഞ്ഞു. ഗോവധത്തിനു വധശിക്ഷ ഏർപ്പെടുത്തണമെന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വമി അവതരിപ്പിച്ച ബില്ലുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോസംരക്ഷകരുടെ അക്രമങ്ങളെ ന്യായീകരിക്കുന്നതാണ് സ്വാമി അവതരിപ്പിച്ച ബില്ലെന്ന് രാജ പറഞ്ഞു.
സ്വാമിയുടെ വാദഗതികളെ സർക്കാർ അനുകൂലിക്കുന്നോ പ്രതികൂലിക്കുന്നോ എന്നു വ്യക്തമാക്കണം. പശുവിന്‍റെ പേരിൽ രാജ്യത്ത് ദളിതരും ന്യൂനപക്ഷ വിഭാഗങ്ങളും ആൾക്കുട്ടങ്ങളുടെ ആക്രമത്തിനിരയായി കൊല്ല പ്പെടുന്നു. ബിൽ പാസായാൽ രാജ്യം അപകടകരമായ അവസ്ഥയിലേക്ക് പോകും. ആളുകൾ എന്തു ഭക്ഷിക്കണം എന്ത് വേണ്ടെന്ന് സർക്കാരിന് തീരുമാനിച്ച് അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും രാജ പറഞ്ഞു.
പശുക്കളെ കശാപ്പ് ചെയ്യുന്നത് നിരോധിക്കുന്നതിന് നിയമനിർമാണം ആവശ്യപ്പെട്ടു കൊണ്ടുള്ള സ്വകാര്യ ബില്ലാണു സ്വാമി രാജ്യസഭയിൽ അവതരിപ്പിച്ചത്. ഗോവധം അനുവദിക്കുന്നത് കൊണ്ട് തന്‍റെ മൗലിക അവകാശം ഹനിക്കപ്പെട്ടു എന്നു ചൂണ്ടിക്കാട്ടി കോടതിയിൽ പോകാൻ കഴിയില്ല. എന്നാൽ, സർക്കാരിന് ഇക്കാര്യത്തിൽ ഭരണഘടനാപരമായ സാധുതകൾ ഉൾപ്പെടുത്തി നിയമനിർമാണം നടത്താമെന്നാണു സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞത്. ചർച്ചയ്ക്ക് ശേഷം സുബ്രഹ്മണ്യൻ സ്വാമിയുടെ ബില്ല് പിൻവലിച്ചു.