തെലുങ്കു ദേശം പാർട്ടി എൻ.ഡി.എ വിടാൻ ഒരുങ്ങുന്നു

ഹൈദരാബാദ് : എൻ.ഡി.എ വിടാൻ ഒരുങ്ങി ചന്ദ്രബാബു നായിഡുവിന്‍റെ തെലുങ്കു ദേശം പാർട്ടി. കേന്ദ്ര ബജറ്റിൽ തങ്ങൾ ആവശ്യപ്പെട്ട കാര്യങ്ങൾ ഉൾപ്പെടുത്താതിരുന്നതാണ് പ്രകോപനം. ഞായറാഴ്ച പാർട്ടിയുടെ അടിയന്തര യോഗം ചന്ദ്രബാബു നായിഡു വിളിച്ചു ചേർത്തിട്ടുണ്ട്.
യുദ്ധം പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണെന്നാണ് ബജറ്റിനോടുള്ള ടി.ഡി.പിയുടെ പ്രതികരണം. തങ്ങൾക്കു മുന്നിൽ മൂന്നു മാർഗങ്ങളാണ് ഉള്ളത്. ആദ്യത്തേത് സഖ്യത്തിൽ തുടരുകയെന്നത്. രണ്ടാമത്തേത് തങ്ങളുടെ എം.പിമാരെല്ലാം രാജിവച്ച് പ്രതിഷേധം അറിയിക്കൽ. മൂന്നാമത്തേത് സഖ്യം അവസാനിപ്പിക്കുക എന്നതാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഞായറാഴ്ച ചേരുന്ന യോഗത്തിൽ തീരുമാനമെടുക്കുമെന്ന് ടി.ഡി.പി എം.പി ടി.ജി വെങ്കിടേഷ് ഡൽഹിയിൽ പറഞ്ഞു.
ആന്ധ്രയിലെ ജനങ്ങളും മുഖ്യമന്ത്രിയും കേന്ദ്ര ബജറ്റിൽ വലിയ നിരാശയിലാണെന്ന് കേന്ദ്രസഹമന്ത്രി വൈ.എസ് ചൗധരി പറഞ്ഞു. ആന്ധ്രാപ്രദേശിന്‍റെ പുതിയ തലസ്ഥാനമായ അമരാവതി, പോളാവരം പദ്ധതി, പ്രത്യേക റെയിൽേവ സോൺ തുടങ്ങിയവ സംബന്ധിച്ച് ബജറ്റിൽ ഒന്നും പറയുന്നില്ല. തങ്ങൾ അവസാനംവരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു. സഖ്യം ഉപേക്ഷിച്ചാൽ കോൺഗ്രസിനൊപ്പം ചേരുന്നത് ഗുണകരമാകില്ലെന്നാണ് ടി.ഡി.പി വിലയിരുത്തുന്നത്.
എന്നാൽ 1996ൽ ചെയ്തതുപോലെ പ്രാദേശിക കക്ഷികളെ കൂട്ടിച്ചേർത്ത് സഖ്യമുണ്ടാക്കാനുള്ള ശ്രമം ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അണിയറയിൽ ഒരുക്കുന്നതായാണ് വിവരം.
ശിവസേന കഴിഞ്ഞാൽ എൻ.ഡി.എയിലെ വലിയ കക്ഷിയാണ് തെലുങ്കു ദേശം പാർട്ടി. ടി.ഡി.പി സഖ്യം ഉപേക്ഷിച്ചാൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സഖ്യകക്ഷിയെയാകും ബി.ജെ.പിക്ക് നഷ്ടപ്പെടുക.