കള്ളനോട്ടുമായി രണ്ട് സ്ത്രീകളടക്കം മൂന്ന് പേർ പിടിയിൽ

എറണാകുളം : തലക്കോട് ഫോറസ്റ്റ് ചെക്പോസ്റ്റിൽ കള്ളനോട്ടുമായി രണ്ട് സ്ത്രീകളടക്കം മൂന്ന് പേർ പിടിയിൽ. കാറിൽ കള്ളനോട്ടുമായെത്തിയ മുംബൈയിൽ താമസിക്കുന്ന ബംഗാൾ സ്വദേശിനികളായ സുവാന ഷെയ്ക്ക് (27), സഹിൻ (24), പൊൻകുന്നം സ്വദേശി മാളിയേക്കൽ അനൂപ് (40) എന്നിവരാണ് തലക്കോട് ഫോറസ്റ്റ് ചെക്പോസ്റ്റിൽ പോലീസ് അറസ്റ്റ് ചെയ്തത്.
മൂവർ സംഘം അടിമാലിക്ക് സമീപം ഇരുന്പുപാലത്ത് ഭക്ഷണം കഴിച്ച ഹോട്ടലിൽ നൽകിയ രണ്ടായിരത്തിന്റെ നോട്ട് കള്ളനോട്ടാണെന്നു കടയുടമ കണ്ടെത്തിയിരുന്നു. കബളിപ്പിക്കപ്പെട്ട ഹോട്ടലുടമ നൽകിയ സന്ദേശത്തെ തുടർന്നാണ് തലക്കോട് ഫോറസ്റ്റ് ചെക്പോസ്റ്റിൽ പ്രതികളെ പിടികൂടിയത്. സംഘത്തിന്റെ കൈവശം അഞ്ചു ലക്ഷത്തിലേറെ രൂപ ഉണ്ടായിരുന്നു. ഇതിൽ ഇടകലർത്തി വച്ചിരുന്ന 20,000 രൂപയുടെ കള്ളനോട്ടാണ് പോലീസ് പിടികൂടിയത്.
കൊച്ചിയിൽ നിന്ന് അനൂപ് വാടകയ്ക്കെടുത്ത കാറിലായിരുന്നു ഇവരുടെ യാത്ര. മൂന്നാറിൽ നിന്ന് മടങ്ങിയ സംഘം ഇടുക്കി ജില്ലയിലും മറ്റും കള്ളനോട്ട് വിതരണം ചെയ്തിട്ടുണ്ടെന്നാണ് സൂചന. പ്രതികൾ സംസ്ഥാനാന്തര കള്ളനോട്ട് സംഘത്തിലെ കണ്ണികളാണെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി. എസ്.ഐ ടി.എം. സൂഫിയുടെ നേതൃത്വത്തിലാണ് കേസന്വേഷണം.