ആരോ­പണം ഉയർ‍­ത്തി­യ നാല് ജഡ്ജി­മാ­രു­മാ­യി­ ചീഫ് ജസ്റ്റിസ് ചർ‍­ച്ച നടത്തി­


ന്യൂഡൽഹി : രാജ്യത്തെ പരമോന്നത നീതിപീഠത്തിൽ ഉയർന്ന പ്രശ്നങ്ങൾക്ക് ശമനമാകുന്നുവെന്ന് സൂചന. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, വിമർശനമുന്നയിച്ച നാല് ജഡ്ജിമാരുമായി ചർച്ച നടത്തി. ജസ്റ്റീസുമാരായ ജെ. ചെലമേശ്വർ‍, രഞ്ജൻ ഗോഗോയ്, കുര്യൻ‍ ജോസഫ്, മദൻ ബി. ലോക്കൂർ‍ എന്നിവരുമായി ഇന്ന് ചീഫ് ജസ്റ്റീസ് ചർച്ച നടത്തി.

രാവിലെ സുപ്രീംകോടതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച ഏതാണ്ട് 15 മിനിറ്റ് നീണ്ടു. പ്രശ്നങ്ങൾ ജഡ്ജിമാർ ചീഫ് ജസ്റ്റിസിനെ ബോദ്ധ്യപ്പെടുത്തിയെന്നാണ് സൂചന. അതേസമയം, സുപ്രധാന കേസുകൾ താരതമ്യേന ജൂനിയറായ ജഡ്ജിമാരെ ഏൽപ്പിച്ചതിലുള്ള അമർഷം ജഡ്ജിമാർ മിശ്രയെ അറിയിച്ചിട്ടുണ്ട്. ചർച്ച നാളെയും തുടരാനാണ് ധാരണ ആയിരിക്കുന്നത്. 

അതേസമയം സുപ്രീംകോടതിയിലെ പ്രതിസന്ധി തീർന്നിട്ടില്ലെന്ന് വ്യക്തമാക്കി അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ ഇന്ന് രംഗത്ത് വന്നിരുന്നു. പ്രശ്നങ്ങൾക്ക് രണ്ട് ദിവസത്തിനുള്ളിൽ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എ.ജി പറഞ്ഞു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് എ.ജി ഇക്കാര്യം സൂചിപ്പിച്ചത്. കോടതിയിലെ പ്രശ്നങ്ങൾ തീർന്നെന്നും പ്രതിസന്ധികൾക്ക് വിരാമമായെന്നും എ.ജി വ്യക്തമാക്കിയെന്ന് ഇന്നലെ വാർത്തകൾ വന്നിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് അറ്റോർണി ജനറൽ ഇന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു ജഡ്ജിമാരെ ദീപക് മിശ്ര കണ്ടതെന്നത് ശ്രദ്ധേയമാണ്.

അതേസമയം, പത്രസമ്മേളനം വിളിച്ച ജസ്റ്റിസുമാർക്കെതിരെ ജസ്റ്റിസ് അരുൺ മിശ്ര പ്രതിഷേധം അറിയിച്ചതായി റിപ്പോർട്ട്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ പതിവുപോലെ കോടതിയിൽ ഒത്തുകൂടിയപ്പോഴായിരുന്നു പ്രതിഷേധം. ജഡ്ജിമാരുടെ പ്രസ്താവന ജൂനിയർ ജഡ്ജിമാർ കഴിവുകെട്ടവരാണെന്ന ധാരണ പരത്തിയെന്ന് അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് ജെ. ചെലമേശ്വറിനോടാണ് അരുൺ മിശ്ര ഇക്കാര്യം പറഞ്ഞത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed