സി­നി­മാ­ തീ­യേറ്ററു­കളിൽ ദേശീയ ഗാനം നിർബന്ധമില്ല


ന്യൂഡൽഹി : സിനിമാ തീയേറ്ററുകളിൽ നിർബന്ധമായും ദേശീയ ഗാനം കേൾപ്പിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. ഇക്കാര്യത്തിൽ കേന്ദ്ര മന്ത്രിതല സമിതിക്കു തീരുമാനമെടുക്കാം. 2016 നവംബറിലെ ഉത്തരവ് ഭേദഗതി ചെയ്തുകൊണ്ടാണ് സുപ്രീം കോടതി ഉത്തരവിറക്കിയിരിക്കുന്നത്. തീയേറ്റർ ഉടമകളുടെ താൽപര്യമനുസരിച്ച് ദേശീയഗാനം കേൾപ്പിക്കുകയോ കേൾപ്പിക്കാതിരിക്കുകയോ ചെയ്യാമെന്നും കോടതി നിർദ്ദേശിച്ചു. തിയേറ്ററിലെത്തുന്ന അംഗപരിമിതർ ദേശീയഗാനം ആലപിക്കുന്പോൾ എഴുന്നേൽക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

വിഷയത്തിൽ പുതിയ ചട്ടങ്ങൾ നിർമ്മിക്കാൻ രൂപീകരിച്ച മന്ത്രിതല സമിതിയുടെ റിപ്പോർട്ട് ലഭിച്ചതിനു ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നും കോടതി പറഞ്ഞു. ദേശീയഗാനവുമായി ബന്ധപ്പട്ട മറ്റു ഹർജികളും കോടതി തീർപ്പാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തലവനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ദേശീയ ഗാനം നിർബന്ധമാക്കേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ ഇന്നലെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. 2016 നവംബർ 30−നാണ് രാജ്യത്തെ തീയേറ്ററുകളിൽ സിനിമ തുടങ്ങുന്നതിന് മുന്പ് ദേശീയ ഗാനം കേൾപ്പിക്കണമെന്നും ആദരവ് പ്രകടിപ്പിച്ച് കൊണ്ട് സിനിമ കാണാനെത്തിയവർ എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്നുമുള്ള ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. ജസ്റ്റിസ് ദീപക് മിശ്ര തന്നെ തലവനായ മൂന്നംഗ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. ഇതിനെതിരെ വ്യാപക പ്രതിഷേധ ഉയർന്നിരുന്നെങ്കിലും ഉത്തരവ് റദ്ദാക്കാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed