യൂണിഫോം സിവിൽ കോഡിലേക്ക് അസമും; നിർദ്ദേശങ്ങളും ചട്ടങ്ങളും രൂപീകരിക്കാൻ എട്ടംഗ പ്രത്യേക സമിതി
ഷീബ വിജയൻ
ഗുവാഹത്തി: സംസ്ഥാനത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കാനായി എട്ടംഗ പ്രത്യേക സമിതിയെ നിയോഗിച്ച് അസം സർക്കാർ ഉത്തരവിറക്കി. പൊളിറ്റിക്കൽ ഡിപ്പാർട്ട്‌മെന്റ് പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച്, കരട് ചട്ടങ്ങൾ ഒരു മാസത്തിനകം സർക്കാരിന് സമർപ്പിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തരാഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾക്ക് ശേഷം ഏക സിവിൽ കോഡ് ബിൽ പാസാക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് അസം. മെയ് 27-നാണ് 'അസം ഏകീകൃത സിവിൽ കോഡ് ബിൽ, 2026' നിയമസഭ പാസാക്കിയത്. ബിൽ നിലവിൽ രാഷ്ട്രപതിയുടെ അനുമതിക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി അജയ് തിവാരി അറിയിച്ചു.
ഹോം & പൊളിറ്റിക്കൽ വകുപ്പ് സെക്രട്ടറി ദേബ പ്രസാദ് മിശ്ര അധ്യക്ഷനായ സമിതിയിൽ പാർത്ഥ പ്രതിം മജുംദാർ, ഗീതാഞ്ജലി ഡി സൈകിയ, ഫരീദ സംസുൽ, മൃദുൽ കുമാർ ദാസ് തുടങ്ങിയ പ്രമുഖ ഉദ്യോഗസ്ഥരുണ്ട്. മതം നോക്കാതെ വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ലിവിങ് ടുഗെദർ എന്നിവയ്ക്ക് ഏകീകൃത നിയമം കൊണ്ടുവരികയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ബഹുഭാര്യത്വവും ബഹുഭർതൃത്വവും പൂർണമായി നിരോധിച്ച നിയമത്തിൽ, ലംഘിക്കുന്നവർക്ക് ഏഴ് വർഷം വരെ തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്നു. കൂടാതെ, ലിവിങ് ടുഗെദർ ബന്ധങ്ങൾ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യാത്തവർക്ക് മൂന്ന് മാസം വരെ തടവോ പിഴയോ ലഭിക്കാം. അതേസമയം, തദ്ദേശീയ സംസ്കാരം സംരക്ഷിക്കുന്നതിനായി സംസ്ഥാനത്തെ സ്ഥിരതാമസക്കാരായ പട്ടികവർഗ വിഭാഗങ്ങളെ ഈ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
്ിി്ി്ി

