എസ്‌ഐആർ: പേര് നീക്കം ചെയ്തവർക്ക് പരാതി നൽകാനുള്ള സമയം നീട്ടി നൽകി സുപ്രീംകോടതി
ശാരിക
ന്യൂഡല്‍ഹി: കേരളത്തിലെ എസ്‌ഐആറിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടവർക്ക് പരാതി നൽകാനുള്ള സമയം നീട്ടി നൽകി സുപ്രീംകോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചന്റേതാണ് സുപ്രധാന നിർദേശം. പരാതിക്കാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ നേരിട്ട് സമീപിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി. രേഖാമൂലം ലഭിക്കുന്ന ഇത്തരം പരാതികൾ കൃത്യമായി പരിശോധിച്ച് ഉചിതമായ നിലപാട് സ്വീകരിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിർദേശം നൽകിയിട്ടുണ്ട്. ഉത്തർപ്രദേശ്, കേരളം, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ 'എസ്‌ഐആര്‍' ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി ബെഞ്ച്.
കേരളത്തിൽ എസ്‌ഐആറിന്റെ ഭാഗമായി പേര് നീക്കം ചെയ്യപ്പെട്ടവർക്ക്, പേര് വീണ്ടും ചേർക്കണമെന്ന് ആവശ്യപ്പെട്ട് പരാതി സമർപ്പിക്കാനുള്ള സമയപരിധി ഒക്ടോബർ 30-ന് അവസാനിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ അഭിഭാഷകനായ ജി. പ്രകാശ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഈ സാഹചര്യത്തിലാണ് പരാതിയുള്ളവർക്ക് തുടർന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.
കേരളത്തിലെയും ഛത്തീസ്ഗഡിലെയും എസ്‌ഐആര്‍ നടപടികൾ പൂർത്തിയായിക്കഴിഞ്ഞുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഡി.എസ്. നായിഡു കോടതിയെ അറിയിച്ചു. ഉത്തർപ്രദേശിന്റെ കാര്യത്തിൽ, വലിയ തോതിൽ 'ഫോം 7' സമർപ്പിക്കപ്പെട്ടെന്ന ആരോപണങ്ങൾ പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചിരുന്നുവെന്നും, കമ്മീഷൻ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ അവ വ്യാജമാണെന്ന് കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.
dfsdf

