13 വർഷത്തെ കാത്തിരിപ്പിന് വിരാമം: തമിഴ്നാട്ടിൽ ഓട്ടോറിക്ഷാ നിരക്കുകൾ വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി
ശാരിക
ചെന്നൈ: നീണ്ട 13 വർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴ്നാട്ടിൽ ഓട്ടോറിക്ഷാ നിരക്കുകൾ വർധിപ്പിച്ച് തമിഴ്നാട് സർക്കാർ ഉത്തരവിറക്കി. പുതുക്കിയ നിരക്കുകൾ അടങ്ങിയ ഔദ്യോഗിക വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ചു. ആഭ്യന്തര വകുപ്പിന്റെ ഒക്ടോബർ 27-ലെ ജി.ഒ. എം.എസ് ഉത്തരവ് പ്രകാരമാണ് നിരക്ക് വർധന നിലവിൽ വന്നത്. 1988-ലെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 67 പ്രകാരമാണ് സർക്കാർ നടപടി സ്വീകരിച്ചത്.
പുതുക്കിയ നിരക്ക് പ്രകാരം ആദ്യ 1.8 കിലോമീറ്ററിന് മിനിമം ചാർജ് 50 രൂപയായിരിക്കും. തുടർന്നുള്ള ഓരോ കിലോമീറ്ററിനും 25 രൂപ വീതം അധികമായി ഈടാക്കാം. മലയോര പാതകളിൽ മിനിമം നിരക്ക് 60 രൂപയായും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 30 രൂപയായും നിശ്ചയിച്ചിട്ടുണ്ട്. രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെയുള്ള സർവീസുകൾക്ക് സാധാരണ നിരക്കിന്റെ ഒന്നര ഇരട്ടി ചാർജ് നൽകണം. കൂടാതെ മിനിറ്റിന് 1 രൂപ നിരക്കിൽ വെയിറ്റിങ് ചാർജ് ഈടാക്കാനും നിർദേശമുണ്ട്.
2013 ഓഗസ്റ്റ് 25, 2014 ഒക്ടോബർ 16 തീയതികളിലെ മുൻ വിജ്ഞാപനങ്ങൾക്ക് പകരമായാണ് പുതിയ നിരക്കുകൾ നിലവിൽ വന്നിരിക്കുന്നത്. ചെന്നൈ മെട്രോപൊളിറ്റൻ ഏരിയയിലും സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളിലും സർവീസ് നടത്തുന്ന കോൺട്രാക്ട് കാര്യേജ് ഓട്ടോറിക്ഷകൾക്ക് പുതിയ നിരക്ക് ഉടൻ നടപ്പിലാക്കാൻ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിക്കും റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റികൾക്കും സർക്കാർ നിർദേശം നൽകി. 2013-ന് ശേഷം ഇന്ധനവിലയിലും വാഹന പരിപാലന ചെലവിലും വലിയ വർധനവുണ്ടായ സാഹചര്യത്തിലാണ് ഡ്രൈവർമാരുടെ ദീർഘകാലത്തെ ആവശ്യം പരിഗണിച്ച് തമിഴ്നാട് സർക്കാർ നിരക്കുകൾ പുനർനിർണയിച്ചത്.
ffds

