ഇന്ത്യയിൽ മതേതരത്വം തിരിച്ചു കൊണ്ടുവരുമെന്ന് രാഹുൽ
മനാമ : രാജ്യത്ത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മതേതരത്വത്തെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷൻ എന്ന രീതിയിൽ താൻ നടത്തുകയെന്ന് രാഹുൽ ഗാന്ധി പ്രസ്താവിച്ചു. ഇന്നലെ വൈകുന്നേരം ബഹ്റൈനിലെ ഗൾഫ് ഹോട്ടലിൽ വെച്ച് നടന്ന ഗോപിയോ കൺവെൻഷന്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു എഐസിസി അദ്ധ്യക്ഷൻ. രാജ്യത്ത് കൂടുതൽ ജോലിസാധ്യതകളും, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ അടിസ്ഥാന വികാസവും ആണ് തങ്ങളുടെ ലക്ഷ്യമെന്നും, വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ശക്തിയോടെ കോൺഗ്രസ് അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളായ ഇന്ത്യക്കാരെ ഏറ്റവുമധികം ആവശ്യമുള്ള കാലത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്നും, അവരുടെ ഉപദേശ നിർദേശങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞ എഐസിസി അദ്ധ്യക്ഷൻ സദസിലുണ്ടായിരുന്നവരുടെ ചോദ്യങ്ങൾക്കും കൃത്യമായി തന്നെ ഉത്തരം പറഞ്ഞു.
വിദേശത്ത് വെച്ച് മരണപ്പെടുന്ന പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാനുള്ള ശ്രമം അധികാരത്തിലെത്തിയാൽ നടത്തുമോ എന്ന പ്രവാസികമ്മീഷൻ അംഗവും പ്രതിഭാ നേതാവുമായ സുബൈർ കണ്ണൂരിന്റെ ചോദ്യത്തിന് മുന്പുണ്ടായിരുന്നത് പോലെ പ്രവാസികൾക്കായി ഒരു പ്രത്യേക മന്ത്രാലയം തിരികെ കൊണ്ടുവരുമെന്നും പ്രവാസികളുടെ എല്ലാ പ്രശ്നങ്ങൾക്കും ഇതിലൂടെ പരിഹാരം കാണുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ രാഹുൽ ഗാന്ധിക്ക് നേരെ നടക്കുന്ന കള്ള പ്രചരണങ്ങളെ എങ്ങിനെയാണ് നേരിടുക എന്ന ചോദ്യത്തിന് കളവിനെ സത്യം കൊണ്ട് മാത്രമേ നേരിടാൻ സാധിക്കൂവെന്നും അതിന് കാലം മറുപടി പറയുമെന്നും ആത്മവിശ്വാസമാർന്ന വാക്കുകളിൽ രാഹുൽ ഗാന്ധി ഉത്തരം പറഞ്ഞു. വനിതകൾക്ക് നേരെ മാധ്യമങ്ങൾ ഊതിപെരുപ്പിക്കുന്നത് പോലെ വലിയ അക്രമങ്ങൾ ഇല്ലെന്നും സ്ത്രീ സുരക്ഷയ്ക്കായി പുതിയ പദ്ധതികൾ നടപ്പില്ലാക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. ചോദ്യോത്തര വേളയിൽ കനത്ത സുരക്ഷാസന്നാഹങ്ങളെ മറികടന്ന് സദസിലേയ്ക്ക് ഇറങ്ങി ചെല്ലാനും രാഹുൽ ഗാന്ധി സമയം കണ്ടെത്തിയത് ആരാധകരെയും പാർട്ടി അണികളെയും ആവേശത്തിലാക്കി. ഓവർസീസ് ഇന്ത്യൻ കോൺഗ്രസ് പ്രസിഡണ്ട് സാം പിട്രോഡ രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി വേദിയിലുണ്ടായിരുന്നു. ചോദ്യോത്തര വേളയ്ക്ക് ശേഷം ഗോപിയോ ഭാരവാഹികൾ, ശശി തരൂർ എം പി, ബഹ്റൈൻ കിരീടാവകാശിയുടെ റോയൽ കോർട്ട് കാര്യ മേധാവി ഷെയ്ഖ് ഖലീഫ ബിൻ ദുെഎജ് അൽ ഖലീഫ തുടങ്ങിയവരും ആശംസകൾ നേർന്നു സംസാരിച്ചു.

