രാഷ്ട്രപതി തിരഞ്ഞെടുപ്പ് : എൻഡിഎ സ്ഥാനാർഥി ഈ മാസം 23ന് നാമനിര്‍ദ്ദേശം സമർപ്പിച്ചേക്കും
ന്യൂഡൽഹി : രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന എൻഡിഎ സ്ഥാനാർഥി ഈ മാസം 23ന് നാമനിര്‍ദ്ദേശം സമർപ്പിക്കുമെന്ന് റിപ്പോർട്ട്. വിശ്വസനീയമായ കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാഷ്ട്രപതി സ്ഥാനാർഥി വിഷയത്തിൽ മറ്റു രാഷ്ട്രീയ പാർട്ടികളുമായി ചർച്ചയ്ക്ക് ബിജെപി അധ്യക്ഷൻ അമിത് ഷാ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അരുൺ ജയ്‌റ്റ്‌ലി, വെങ്കയ്യ നായിഡു എന്നിവരാണു സമിതിയിലുള്ളത്.
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 28 ആണെങ്കിലും, പ്രധാനമന്ത്രി നരേന്ദ്ര മോദി 25നു യുഎസ് സന്ദർശനത്തിനു പുറപ്പെടുന്നതിനു മുൻപു നാമനിർദേശ പത്രികകൾ തയാറാക്കേണ്ടതുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തുണ രേഖപ്പെടുത്തുന്ന പത്രിക എൻഡിഎ സ്ഥാനാർഥിക്കായി സമർപ്പിക്കും. ഈ സാഹചര്യത്തിൽ 23നു തന്നെ എൻഡിഎ സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക സമർപ്പിക്കാനാണ് നീക്കം.
കേന്ദ്രമന്ത്രിമാരായ സുഷമാ സ്വരാജ്, താവർ ചന്ദ് ഗെലോട്ട്, ലോക്‌സഭാ സ്പീക്കർ സുമിത്ര മഹാജൻ, ഗവർണർമാരായ ദ്രൗപതി മുർമു, നജ്‌മ ഹെപ്ത്തുല്ല, പി.സദാശിവം എന്നിവരുടെ പേരുകളാണു ചുരുക്കപ്പട്ടികയിലെന്നാണു സൂചനകൾ. മറ്റു കക്ഷികളുമായുള്ള ചർച്ചകൾ പൂർത്തിയായ ശേഷം ബിജെപി കേന്ദ്ര പാർലമെന്ററി ബോർഡ് യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. ജൂലൈ 17നു നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പത്രികാ സമർപ്പണത്തിനുള്ള അവസാന തീയതി ഈ മാസം 28 ആണ്. വോട്ടെണ്ണൽ ജൂലൈ 20നു നടക്കും.

