കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയിൽനിന്ന് മെട്രോ മാന്‍ ഇ ശ്രീധരനെ ഒഴിവാക്കി
കൊച്ചി : കേരളത്തിന്റെ സ്വപ്‌ന പദ്ധതി കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയിൽ കൊച്ചി മെട്രോയ്ക്ക് ചുക്കാന്‍ പിടിച്ച മെട്രോ മാന്‍ ഇ ശ്രീധരന്‍ ഉണ്ടാവില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കും ഉദ്ഘാടന വേദിയിൽ സ്ഥാനമുണ്ടാകില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയ പട്ടിക അനുസരിച്ച് പ്രധാനമന്ത്രി അടക്കം നാല് പേര്‍ മാത്രമാവും ഉദ്ഘാടന വേദിയിലുണ്ടാവുക. 13പേര്‍ ഉള്‍പ്പെടുന്ന പട്ടികയാണ് കെഎംആര്‍എല്‍ അധികൃതര്‍ നല്‍കിയതെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസ് പട്ടിക വെട്ടിച്ചുരുക്കുകയായിരുന്നു.
പുതിയ പട്ടിക പ്രകാരം പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഗവര്‍ണര്‍, കേന്ദ്രമന്ത്രി എന്നിങ്ങനെ നാല് പേരാണ് വേദിയിലുണ്ടാവുക. പ്രതിപക്ഷ നേതാവും മറ്റ് ജനപ്രതിനിധികളാരും വേദിയിലുണ്ടാവില്ല. മെട്രോ നിര്‍മ്മാണത്തിന്റെ മുഖ്യഉപദേശകനായ ഇ.ശ്രീധരന് പുറമെ കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ്, പ്രതിപക്ഷ നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, പി.ടി തോമസ് എം.എല്‍.എ എന്നിവരാണ് ഉദ്ഘാടന വേദിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍.
ജൂണ്‍ 17നാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടനം. കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിലാവും ഉദ്ഘാടന ചടങ്ങുകള്‍. മെട്രോ മാന്‍ ഇ. ശ്രീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും വേദിയില്‍ സ്ഥാനം നല്‍കാത്തതിനെതിരെ പ്രതിഷേധം വ്യാപകമാണ്. കേന്ദ്രസര്‍ക്കാര്‍ നടപടി ജനാധിപത്യ വിരുദ്ധമെന്ന് പി.ടി തോമസ് എംഎല്‍എ പ്രതികരിച്ചു.

