ലണ്ടനിലെ അഗ്നിബാധയിൽ ആറു പേർ മരിച്ചതായി സ്ഥിരീകരീച്ചു


 

ലണ്ടൻ : പടിഞ്ഞാറൻ ലണ്ടനിലെ 24 നിലകളുള്ള ഗ്രെൻഫെൽ ടവറിലുണ്ടായ ആറു പേർ മരിച്ചതായി അധികൃതർ സ്ഥികരീച്ചു. ലണ്ടൻ അഗ്നിശമനസേനാ കമ്മിഷണർ ഡാനി കോട്ടനാണ് മരണവിവരം സ്ഥിരീകരിച്ചത്. ഇതുവരെ അൻപതിലധികം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായാണ് വിവരം.

നിരവധിപേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഏതാണ്ട് പൂർണമായും അഗ്നി വിഴുങ്ങിയ കെട്ടിടം ഏതുനിമിഷവും നിലംപൊത്തിയേക്കുമെന്ന് ആശങ്കയുണ്ട്. നാൽപതോളം അഗ്നിശമന സേനാ യൂണിറ്റുകളും 200 അഗ്നിശമനസേനാനികളും സ്ഥലത്തെത്തിയിട്ടുണ്ട്. ഇവരുടെ സഹായത്തോടെ തീയണയ്ക്കുന്നതിനുള്ള തീവ്രശ്രമം തുടരുകയാണ്. ബ്രിട്ടനിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ തീപിടിത്തമാണ് ഗ്രെൻഫെൽ ടവറിലേത്.

കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നവർ രക്ഷപ്പെടുത്തണമെന്ന അഭ്യർഥനയുമായി അലറിവിളിക്കുന്നതായും മക്കളെയെങ്കിലും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിലവിളിക്കുന്നതായും ദൃസാക്ഷികളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കെട്ടിടത്തിന്റെ ഒരു ഭാഗം മുഴുവൻ തീപിടിച്ച നിലയിലാണ്. ഇവിടെനിന്നും ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.

140 ഫ്ലാറ്റുകൾ അടങ്ങിയ അംബരചുംബിയായ കെട്ടിടമാണ് ലാറ്റിമർ റോഡിലെ 27 നിലകളുള്ള ഗ്രെൻഫെൽ ടവർ. 1974ൽ നിർമിച്ച ഈ കെട്ടിടസമുച്ചയം നഗരത്തിലെ ഏറ്റവും പഴക്കംചെന്ന ബഹുനില മന്ദിരങ്ങളിൽ ഒന്നാണ്. അടിമുടി തീയിലമർന്ന കെട്ടിടം ഏതുനിമിഷവും നിലംപൊത്തിയേക്കാം എന്ന ഭീതിയോടെയാണ് അഗ്നിശമനസേനാംഗങ്ങൾ രക്ഷാപ്രവർത്തനം തുടരുന്നത്.

കെട്ടിടത്തിൽനിന്നും കത്തിയമർന്ന കോൺക്രീറ്റ് കഷണങ്ങളും മറ്റും താഴേക്കു പതിച്ചുതുടങ്ങിയതോടെ സമീപവാസികളോടും പൊലീസ് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. കെട്ടിടത്തിന്റെ 200 മീറ്റർ ചുറ്റളവിൽ എങ്ങും പുകമറയാണ്. ഇതുവഴി കടന്നുപോകുന്ന അണ്ടർഗ്രൗണ്ട് ട്യൂബ് സർവീസുകളായ ഹാമർസ്മിത്ത്, സർക്കിൾ ലൈനുകളുടെ സർവീസ് നിർത്തിവച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed