സ്റ്റേജില്‍ 'സിംഹാസനം' വേണ്ടെന്ന് മന്ത്രി കടകംപള്ളി ; സ്വാമി പരുപാടിയിൽ പങ്കെടുക്കാതെ മടങ്ങി
തിരുവനന്തപുരം : സ്വാമിക്കുവേണ്ടി സ്റ്റേജില്‍ സജ്ജീകരിച്ച സിംഹാസനം മന്ത്രി കടകംപള്ളി സുരേന്ദ്രനും വിഎസ് ശിവകുമാര്‍ എംഎല്‍എയും ചേര്‍ന്ന് എടുത്തുമാറ്റി. തിരുവനന്തപുരത്ത് പടിഞ്ഞാറേക്കോട്ടയിലെ നവീകരിച്ച മിത്രാനന്ദപുരം തീര്‍ത്ഥക്കുളം ഉദ്ഘാടനവേദിയിലാണ് സംഭവം. ശൃംഗേരി മഠാധിപതി ശ്രീ ശ്രീ ഭാരതി തീര്‍ത്ഥ സ്വാമികള്‍ക്ക് വേണ്ടിയാണ് സിംഹാസനം ക്രമീകരിച്ചിരുന്നത്.
ഉദ്ഘാടനത്തിന് എത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്റ്റേജില്‍ മുന്‍നിരയില്‍ കിടന്നിരുന്ന സിംഹാസനം വിഎസ് ശിവകുമാറിന്റെ സഹായത്തോടെ പിന്നിലേക്ക് മാറ്റിയിടുകയായിരുന്നു. ചടങ്ങിന് ശൃംഗേരി മഠാധിപതിക്ക് പകരം എത്തിയത് ഉത്തരാധികാരി വിധുശേഖര സ്വാമികളായിരുന്നു. സിംഹാസനം പിന്നില്‍ കിടക്കുന്നത് കണ്ട് സ്വാമി സ്റ്റേജില്‍ പോലും കയറാതെ സ്ഥലം വിട്ടു.
കേരളത്തിലെ ക്ഷേത്രങ്ങളില്‍ നിന്നും ഉള്ള വരുമാനം കേരള സര്‍ക്കാര്‍ ഉപയോഗിക്കുന്നു എന്ന സംഘപരിവാര്‍ പ്രചരണത്തിന് രാജഗോപാലിനെയും കുമ്മനത്തെയും വേദിയിലിരുത്തി തന്നെ ദേവസ്വം മന്ത്രി കടംപള്ളി സുരേന്ദ്രന്‍ മറുപടി നല്‍കി.
കേരളത്തിലെ ഒരമ്പലത്തില്‍ നിന്നും ഒരു ആരാധനാലയത്തില്‍ നിന്നും കേരള ഖജനാവിലേക്ക് ഒന്നും വരുന്നില്ല. അതേ സമയം കോടിക്കണക്കിന് രൂപയാണ് സംസ്ഥാന ഗവണ്‍മെന്റ് അമ്പലങ്ങൾക്കും ഇതര ആരാധനാലയങ്ങൾക്കും വികസന ആവശ്യങ്ങൾക്കും ഉത്സവ ആവശ്യങ്ങള്‍ക്കും വേണ്ടിനൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ശബരിമലക്ക് മാത്രം 150 കോടി രൂപയാണ് നല്‍കിയിട്ടുള്ളത്. ആറ്റുകാല്‍ ഉത്സവം കഴിയുമ്പോഴേക്കും സര്‍ക്കാര്‍ 4,5 കോടി രൂപയാണ് ചെലവാക്കുന്നത്. എന്നാൽ ചിലപ്പോഴെങ്കിലും തെറ്റിദ്ധാരണ ഉളവാക്കുന്ന പ്രചരണങ്ങള്‍ വരുന്നത് വിഷമമുളവാക്കുന്ന കാര്യമാണ്. ഈ അമ്പലത്തിന്റെ മാത്രമല്ല ഒരമ്പലത്തിന്റെയും നയാപൈസ സര്‍ക്കാര്‍ എടുക്കുന്നില്ലെന്നും ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പറഞ്ഞു.

