ഡോക്യുമെന്ററി മേളയില്‍ നിന്നും വിലക്കിയ മൂന്ന് സിനിമകളും ക്യാമ്പസുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് എസ്എഫ്‌ഐ
തിരുവനന്തപുരം : അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചിത്ര മേളയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ വിലക്കിയ മൂന്ന് സിനിമകളും എസ്എഫ്‌ഐ ക്യാമ്പസുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം. വിജിന്‍ പ്രഖ്യാപിച്ചു. മേളയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ബോംബുകൊണ്ടും വടിവാളുകൊണ്ടും അല്ല, സംഗീതം കൊണ്ടും കല കൊണ്ടും തങ്ങള്‍ സ്വാതന്ത്ര്യം നേടുമെന്നു പ്രഖ്യാപിക്കുന്ന കാശ്മീരി യുവാക്കളെ ഇന്ത്യയിലെ ജനങ്ങള്‍ കണ്ടാല്‍, സംഘപരിവാറിന്റെ ദേശസ്‌നേഹത്തിന്റെ തനി നിറം പുറത്തുവരുമെന്ന് കേന്ദ്രത്തിനറിയാമെന്ന് എസ്എഫ്‌ഐ പറയുന്നു. സംഘപരിവാര്‍ വിമര്‍ശനങ്ങളെ ഭയക്കുന്നുവെന്നതാണ് ഇതിന് കാരണം. ജെഎന്‍യുവിലെ പ്രക്ഷോഭം ജനങ്ങള്‍ കാണുന്നതിനെ സംഘപരിവാര്‍ ഭയക്കുന്നു. രോഹിത് വെമുലയെയും ഭയക്കുന്നു. ആ ഭയമാണ് തങ്ങളുടെ ശക്തിയെന്ന് എസ്എഫ്‌ഐ പറയുന്നു. തങ്ങള്‍ ശരിയായ പാതയിലാണ് എന്ന് തെളിയിക്കുന്നതാണ് സംഘിന്റെ ഈ ഭയം.
"നിങ്ങള്‍ വിലക്കൂ. ഞങ്ങള്‍ പ്രദര്‍ശിപ്പിക്കും. വിലക്കുകള്‍ പൊട്ടിച്ചെറിഞ്ഞതാണ് ചരിത്രം" എന്നും വിജിന്‍ പറയുന്നു. വിലക്കുകള്‍ പൊട്ടിച്ചെറിഞ്ഞപ്പോഴാണ് നമുക്ക് സ്വാതന്ത്ര്യം പോലും കിട്ടയത്. ചരിത്രകാലം മുതല്‍ അതിന് നേതൃത്വം കൊടുത്തതാകട്ടെ ക്യാമ്പസുകളാണെന്നും എസ്എഫ്‌ഐ ഓര്‍മ്മിപ്പിക്കുന്നു. ഇന്ത്യക്ക് കേരളം വഴികാട്ടിയാകുന്നതും അങ്ങനെയാണ്. ഈ മേള നടക്കുന്നത് ആ കേരളത്തിലാണ്, ഫാസിസത്തിന് മുന്നില്‍ കേരളം തലകുനിക്കില്ല എന്നും വിജിൻ പറയുന്നു.
ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുലയെ കുറിച്ച് പ്രതിപാദിക്കുന്ന "ബീയിംഗ് ഓഫ് ലൈറ്റ്‌നസ്", കശ്മീര്‍ വിഷയത്തെ കുറിച്ച് പറയുന്ന "ഇന്‍ ദ ഫേഡ് ഓഫ് ഫോളന്‍ ചിനാര്‍", ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് പറയുന്ന "മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച്" എന്നീ ചിത്രങ്ങള്‍ക്കാണ് കേന്ദ്ര വാര്‍ത്താ വിതരണമന്ത്രാലയം പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുന്നത്.

