കേരളം ജലസുലഭമായ സംസ്ഥാനമല്ലെന്ന കാര്യം മറന്നുപോകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : കാവേരി സെൽ വേണ്ടെന്ന് വെച്ചത് ഉദ്യോഗസ്ഥർക്ക് ജോലി ഇല്ലാത്തതിനാലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെല്‍ പൂട്ടിയത് കേസ് നടത്തിപ്പിനെ ബാധിക്കില്ലെന്നും കേരളത്തിന് അർഹതപ്പെട്ട ജലം നേടിയെടുക്കുന്നതിൽ ഉദാസീനത പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്തര്‍ സംസ്ഥാന നദീജല കേസുകളില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. നദീജല കേസുകളില്‍ സുപ്രിംകോടതിയിലെ സീനിയര്‍ അഭിഭാഷകരെ തന്നെ നിയോഗിക്കണമെന്നും ചീഫ് സെക്രട്ടറി, അഡ്വക്കേറ്റ് ജനറല്‍ തുടങ്ങിയവരോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
നദീജല കേസുകളിൽ സർക്കാർ ഫലപ്രദമായി ഇടപെടും. എന്നാൽ മറ്റു സംസ്ഥാനങ്ങളുമായി സംഘർഷത്തിനല്ല, സമവായത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. ഇതിന്റെ പേരില്‍ സംസ്ഥാനത്തിന് കിട്ടേണ്ട ഒരു തുള്ളി വെള്ളം പോലും നഷ്ടപ്പെടുത്താന്‍ പാടില്ല. കേരളം ജലസുലഭമായ സംസ്ഥാനമല്ലെന്ന കാര്യം മറന്നുപോകരുതെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ ഓര്‍മ്മിപ്പിച്ചു.
ജലവിഭവ മന്ത്രി മാത്യു ടി തോമസ്, ചീഫ് സെക്രട്ടറി നളിനി നെറ്റോ, അഡ്വക്കേറ്റ് ജനറല്‍ സുധാകരപ്രസാദ്, ജലവിഭവ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

