നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാമെന്ന് സുപ്രിം കോടതി
ന്യൂഡൽഹി : നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാമെന്ന് സുപ്രിം കോടതി സിബിഎസ്ഇയെ അറിയിച്ചു. പരീക്ഷാ ഫലം സ്റ്റേ ചെയ്യുന്നത് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുമെന്നും സുപ്രിം കോടതി അറിയിച്ചു. സിബിഎസ്ഇക്ക് ആശ്വാസകരമാണ് ഈ വിധി. മദ്രാസ്, ഗുജറാത്ത് ഹൈക്കോടതികള്‍ നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് സ്റ്റേ ചെയ്തത് ചോദ്യം ചെയ്തുകൊണ്ട് സിബിഎസ്ഇ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രിം കോടതി റദ്ദാക്കി.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതല്‍ പരാതികള്‍ രാജ്യത്തെ ഹൈക്കോടതികള്‍ സ്വീകരിക്കരുതെന്നും സുപ്രിം കോടതി നിര്‍ദേശിച്ചു. പ്രവേശനത്തെയും തുടര്‍ന്നുള്ള നടപടി ക്രമങ്ങളെ ഇത് ബാധിക്കും എന്നതാണ് സുപ്രിം കോടതി ഉന്നയിക്കുന്ന പ്രശ്‌നം.
11 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീഷിലും ഹിന്ദിയിലുമായി എഴുതിയ പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ഒരുപോലെയായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് മദ്രാസ് ഹൈക്കോടതി നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് സ്റ്റേ ചെയ്തത്. എന്നാല്‍ , എട്ട് പ്രാദേശിക ഭാഷകളില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്ത ചോദ്യ പേപ്പറുകളാണ് ലഭിച്ചത്. 11,38,890 വിദ്യാര്‍ത്ഥികളാണ് നീറ്റ് പരീക്ഷ എഴുതിയത്. റിസല്‍ട്ട് ജൂണ്‍ എട്ടിന് പ്രസിദ്ധീകരിക്കും എന്നായിരുന്നു പ്രഖ്യാപനം.

