ഗംഗാ നദി മലിനമാക്കുന്നവർക്കെതിരെ കർശന നടപടിക്കു ശുപാർശ


ന്യൂഡൽഹി : ഗംഗാ നദി മലിനമാക്കുന്നവർക്കെതിരെ കർശന നടപടിക്കു ശുപാർശ. നദി മലിനമാക്കുന്നവർക്കെതിരെ ഏഴു വർഷം വരെ തടവും 100 കോടി രൂപ വരെ പിഴയും ശിക്ഷയായി നൽകണമെന്നാണ് കേന്ദ്ര സർക്കാർ നിയോഗിച്ച പ്രത്യേക സംഘത്തിന്റെ നിർദേശം. ഗംഗാ സംരക്ഷണ ബിൽ 2017 എന്നപേരിൽ പ്രത്യേക ബില്ലും നിയമവും രൂപീകരിക്കാനാണ് നീക്കം.

ഗംഗയുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുക, അനധികൃതമായി ഗംഗയുടെ തീരങ്ങൾ കയ്യേറുക, നദിയിൽ മാലിന്യം തള്ളുക തുടങ്ങിയ എല്ലാ കാര്യങ്ങളും ഈ നിയമത്തിനുള്ളിൽ‍ വരും. റിട്ടയേർഡ് ജസ്റ്റിസ് ഗിരിധർ മാളവ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിർദേശം നൽകിയത്. ഗംഗയ്ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്ററിൽ ‘ജലസംരക്ഷണ’ മേഖലയായി പ്രഖ്യാപിക്കണമെന്നും നിർദേശമുണ്ട്.

വിശദപഠനത്തിനായി സർക്കാർ ഇക്കാര്യങ്ങൾ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കേന്ദ്ര ജലമന്ത്രാലയത്തിനു സമർപ്പിച്ചിരുന്നു. കർശന നിയമങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ജനങ്ങൾ തെറ്റ് ചെയ്യാതിരിക്കുകയുള്ളെന്ന് സംഘത്തിലെ അംഗമായ അഡ്വ. അരുൺ കുമാർ ഗുപ്ത പറഞ്ഞു. കോടിക്കണക്കിനു രൂപയാണ് ഗംഗാ ശുചീകരണത്തിന് ചെലവഴിക്കുന്നതെങ്കിലും അതുകൊണ്ടൊന്നും പൂർണമായ പരിഹാരം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed