കെഎസ്ആർടിസിക്ക് 1600 കോടി രൂപ വായ്പ ലഭ്യമാക്കാമെന്ന് ശരദ് പവാർ
തിരുവനന്തപുരം : ശമ്പളം കൊടുക്കാൻപോലും പണമില്ലാതെ നഷ്ടക്കയത്തിലായ കെഎസ്ആർടിസിയെ രക്ഷിക്കാൻ 1600 കോടി രൂപവായ്പ. മഹാരാഷ്ട്രയിലെ ബാങ്കുകളിൽനിന്നു കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭ്യമാക്കാമെന്നാണു ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ പാർട്ടി എൻസിപിയുടെ ദേശീയ അധ്യക്ഷൻ കൂടിയായ ശരദ് പവാറിന്റെ വാഗ്ദാനം.
കേരളത്തിലെ ബാങ്കുകളിൽനിന്നു വായ്പ ലഭിക്കുന്നതിലുള്ള സാങ്കേതിക തടസ്സങ്ങൾ തോമസ് ചാണ്ടി ശരദ് പവാറിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി ടി.എം.തോമസ് ഐസക് എന്നിവരുടെ അംഗീകാരത്തോടെയാണു പവാറുമായി തോമസ് ചാണ്ടി ചർച്ച നടത്തിയത്.
മഹാരാഷ്ട്രയിലെ ബാങ്കുകളുമായി പ്രാഥമിക ചർച്ച പൂർത്തിയായി. പലിശയും തിരിച്ചടവു കാലാവധിയും മറ്റും തീരുമാനിക്കാൻ ധന, ഗതാഗത ഉദ്യോഗസ്ഥർ ഈയാഴ്ച മുംബൈയിലെത്തി ബാങ്ക് അധികൃതരുമായി ചർച്ച നടത്തും. കെഎസ്ആർടിസിക്ക് നിലവിൽ 4000 കോടി രൂപ ബാധ്യതയുണ്ട്. ഇതിന്റെ പലിശയിനത്തിൽ പ്രതിദിനം 2.61 കോടിയാണു കെഎസ്ആർടിസി അടയ്ക്കുന്നത്. ശരാശരി അഞ്ചരക്കോടി രൂപ യാണ് കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം.
മഹാരാഷ്ട്രയിലെ ബാങ്കുകളുമായി നടത്തിയ ചർച്ചയിൽ 10 ശതമാനത്തിൽ താഴെ പലിശയ്ക്കു വായ്പ ലഭിക്കുമെന്നാണു പ്രതീക്ഷ. 10 വർഷമെങ്കിലും കാലാവധിയുള്ള വായ്പയാണു തേടുന്നത്. സർക്കാർ ഈടുനിൽക്കും. നിലവിൽ പ്രതിമാസം 270 കോടിയാണു കെഎസ്ആർടിസിയുടെ പ്രവർത്തനച്ചെലവ്. വരുമാനം 170 കോടിയും.

