കര്‍ഷകരുടെ കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്
മുംബൈ : മഹാരാഷ്ട്രയിലെ കര്‍ഷകരുടെ കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. പ്രക്ഷോഭം തുടരുന്ന കര്‍ഷകരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്നും ഇതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് ജൂണ്‍ 12 മുതല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന സമരം പിന്‍വലിക്കുന്നതായി കര്‍ഷകര്‍ പറഞ്ഞു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാമെന്നും ആവശ്യങ്ങള്‍ അംഗീകരിക്കാമെന്നും സര്‍ക്കാര്‍ വാക്കു നല്‍കിയിട്ടുണ്ട്. വാക്കുപാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ജൂലൈ 25 മുതല്‍ കൂടുതല്‍ ശക്തമായ സമരം ആരംഭിക്കുംമെന്ന് കര്‍ഷക സമരത്തിന് നേതൃത്വം നല്‍കിയ രാജു ഷെട്ടി പറഞ്ഞു.
കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായി എഴുതിത്തള്ളുക, സൗജന്യ വൈദ്യുതി ലഭ്യമാക്കുക, ജലസേചന സൗകര്യം നല്‍കുക, ഉത്പന്നങ്ങള്‍ക്ക് മതിയായ വില ഉറപ്പുവരുത്തുക, 60 വയസിന് മുകളിലുള്ള കര്‍ഷകര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുക, എംഎസ് സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് കഴിഞ്ഞ 11 ദിവസങ്ങളായി കര്‍ഷകര്‍ സമരം നടത്തിയിരുന്നത്.
ചെറുകിട കര്‍ഷകരുടെ കടങ്ങള്‍ നവംബറിന് മുൻപ് എഴുതിത്തള്ളാമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നെങ്കിലും കര്‍ഷകർ വഴങ്ങിയില്ല. സമരത്തിന്റെ ഭാഗമായി കര്‍ഷകര്‍ പലഭാഗങ്ങളിലും പച്ചക്കറിയും പാലും ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ റോഡില്‍ ഉപേക്ഷിച്ച് പ്രതിഷേധിച്ചിരുന്നു. സമരം പല സ്ഥലങ്ങളിലും അക്രമാസക്തമായിരുന്നു.

