തേനിയിൽ 17 തടവുകാർ കൂട്ടത്തോടെ ജയിൽ ചാടി: ജനം സ്വയം സുരക്ഷ കണ്ടെത്തേണ്ട ഗതികേടെന്ന് എം.കെ. സ്റ്റാലിൻ
ഷീബ വിജയൻ
ചെന്നൈ: തേനി ജില്ലാ ജയിലിൽ 17 തടവുകാർ കൂട്ടത്തോടെ ജയിൽ ചാടിയ സംഭവത്തിൽ വിജയ് യുടെ തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ സ്റ്റാലിൻ. ജയിൽ സുരക്ഷയിലും ക്രമസമാധാനത്തിലും ഗുരുതര വീഴ്ചയുണ്ടെന്നും ജനം സ്വയം സുരക്ഷ കണ്ടെത്തേണ്ട ഗതികേടിലാണ് തമിഴ്നാട് എത്തിയിരിക്കുന്നതെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി. അടുത്തിടെ പുഴൽ സെൻട്രൽ ജയിലിൽ നിന്ന് രണ്ട് തടവുകാർ രക്ഷപ്പെട്ട സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി. എക്സിൽ പങ്കുവെച്ച പരിഹാസം നിറഞ്ഞ പോസ്റ്റിലാണ് സ്റ്റാലിൻ സർക്കാരിനെ വിമർശിച്ചത്.
പ്രശസ്ത ടെലിവിഷൻ സീരീസുകളായ ‘ബ്രേക്കിങ് ബാഡ്’, ‘പ്രിസൺ ബ്രേക്ക്’ എന്നിവയെ പരാമർശിച്ചായിരുന്നു സ്റ്റാലിന്റെ വിമർശനം. ‘ബ്രേക്കിങ് ബാഡിന് പിന്നാലെ തമിഴ്നാട്ടിലും ഇപ്പോൾ പ്രിസൺ ബ്രേക്ക് ആരംഭിച്ചിരിക്കുന്നു’. ജാമ്യത്തിലിറങ്ങിയ കുറ്റവാളികളെ നിരീക്ഷിക്കുന്നതിൽ മാത്രമാണ് സർക്കാർ പരാജയപ്പെടുന്നതെന്നാണ് ഞാൻ കരുതിയത്. എന്നാൽ ജയിലിനുള്ളിലെ തടവുകാരെ പോലും രക്ഷപ്പെടാൻ അനുവദിക്കുന്ന അവസ്ഥയാണുള്ളത് എന്ന് സ്റ്റാലിൻ പറഞ്ഞു. ടി.വി.കെ സർക്കാർ കഴിവുകെട്ട, പ്രയോജനമില്ലാത്ത ഒരു കൂട്ടം ആളുകളാണെന്നും അവർ ജനങ്ങളെ സംരക്ഷിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്നാട് ജനം സ്വയം സംരക്ഷിക്കേണ്ട ദയനീയ അവസ്ഥയിലെത്തി എന്നും സ്റ്റാലിൻ പറഞ്ഞു. 1995ന് ശേഷം ഇത്രയധികം തടവുകാർ ഒരുമിച്ച് ജയിൽ ചാടുന്നത് ഇതാദ്യമായാണെന്നാണ് റിപ്പോർട്ടുകൾ. 2026 ആയിട്ടും സുരക്ഷാ സംവിധാനങ്ങളും നിരീക്ഷണ സൗകര്യങ്ങളും മെച്ചപ്പെട്ടിട്ടും ഇത്തരമൊരു സംഭവം ഉണ്ടാകുന്നത് അംഗീകരിക്കാനാവില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. പുറത്തുള്ള കുറ്റവാളികൾ സ്വതന്ത്രമായി കുറ്റകൃത്യങ്ങൾ ചെയ്യുമ്പോൾ, അകത്തുള്ള തടവുകാർ നിർഭയമായി രക്ഷപ്പെടുന്നു എന്ന് അദ്ദേഹം വിമർശിച്ചു.
തമിഴ്നാട്ടിലെ തേനി ജില്ലാ ജയിലിൽ വിവിധ ശിക്ഷകൾ അനുഭവിച്ചിരുന്ന 17 തടവുകാരാണ് രക്ഷപ്പെട്ടത്. സംഭവത്തെ തുടർന്ന് പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. രക്ഷപ്പെട്ടവരിൽ ഒരാളെ ജയിലിന് സമീപത്ത് നിന്ന് തന്നെ പിടികൂടി. തങ്ങളിൽ ഒരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ച് ജയിൽ ജീവനക്കാരെ ആക്രമിച്ചാണ് തടവുകാർ രക്ഷപ്പെട്ടതെന്നാണ് ആരോപണം. തിങ്കളാഴ്ച രാത്രി 11.20 ഓടെയാണ് ജയിൽ അധികൃതരിൽ നിന്ന് ജയിൽ ചാട്ടത്തെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചതെന്ന് ദക്ഷിണ മേഖല ഐ.ജി വിജയേന്ദ്ര എസ് ബിദാരി പറഞ്ഞു.
dsadsads

