എഐ ലോകത്ത് വിപ്ലവം സൃഷ്ടിച്ച് ഗൂഗിൾ; പുതിയ മോഡലായ 'ജെമിനി 4 കാർബൺ' പുറത്തിറക്കി
ശാരിക
ന്യൂഡൽഹി: കോഡിങ്, സങ്കീർണ്ണമായ എൻജിനീയറിങ് ജോലികൾ, സൈബർ സുരക്ഷ എന്നിവയ്‌ക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്‌ത ഏറ്റവും പുതിയ എഐ മോഡലായ 'ജെമിനി 4 കാർബൺ' ഗൂഗിൾ പുറത്തിറക്കി. രണ്ടാഴ്ച മുമ്പ് അവതരിപ്പിച്ച 'ജെമിനി 4 ആർഗോൺ' എന്ന മോഡലിനെ അടിസ്ഥാനമാക്കിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. സോഫ്റ്റ്‌വെയറുകളിലെ സുരക്ഷാ പിഴവുകൾ കണ്ടെത്താനും അപകടസാധ്യതകൾ വിലയിരുത്തി അവ പൂർണ്ണമായും പരിഹരിക്കാനും അത്യാധുനിക ശേഷിയാണ് കാർബൺ കാഴ്ചവെക്കുന്നത്.
ആർഗോണിനെ അപേക്ഷിച്ച് ഇരട്ടിയിലേറെ സുരക്ഷിതമായ കോഡുകൾ നിർമ്മിക്കാൻ ഇതിന് സാധിക്കും. ദിവസങ്ങളോളം തുടർച്ചയായി പ്രവർത്തിച്ച് സങ്കീർണ്ണമായ കോഡിങ് പ്രശ്നങ്ങൾക്കും സിസ്റ്റം ബഗുകൾക്കും സ്വയം പരിഹാരം കണ്ടെത്താൻ ഈ മോഡലിന് കഴിയും. ആർട്ടിഫിഷ്യൽ അനാലിസിസ് ഇന്റലിജൻസ് ഇൻഡക്സ് 5.0-ൽ 59 സ്‌കോറോടെ ഒന്നാം സ്ഥാനത്താണ് ജെമിനി 4 കാർബൺ. കോഡിങ്, ശാസ്ത്രീയ ഗവേഷണങ്ങൾ, വെബ് ഡെവലപ്‌മെന്റ്, മൾട്ടിമോഡൽ പ്രവർത്തനങ്ങൾ എന്നിവയിൽ മികച്ച പ്രകടനമാണ് ഗൂഗിൾ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, വ്യാജവിവരങ്ങൾ നൽകുന്നത് ഒഴിവാക്കാനും പ്രോംപ്റ്റ്/പ്ലഗിൻ ആക്രമണങ്ങളെ പ്രതിരോധിക്കാനും ഇതിന് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. യു.എസ് ഗവൺമെന്റിന്റെ പ്രീ-റിലീസ് പരിശോധനകളുടെയും 'ഫെയർവിൻഡ് പ്രോഗ്രാമിന്റെയും' ഭാഗമായി ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത സൈബർ സുരക്ഷാ വിദഗ്ധർക്ക് മാത്രമാണ് കാർബൺ നിലവിൽ ലഭ്യമാക്കിയിട്ടുള്ളത്.
െമെമ

