ഹോർമൂസ് കടലിടുക്കിൽ കപ്പലിന് തീപിടിച്ചു; കപ്പലുകൾക്ക് ജാഗ്രതാ നിർദേശവുമായി യുകെഎംടിഒ
ശാരിക
പോർട്സ്മൗത്: ഒമാൻ തീരത്തിന് സമീപം ഹോർമൂസ് കടലിടുക്കിൽ കപ്പലിന് തീപിടിച്ചതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) അറിയിച്ചു. ഒമാനിലെ ഖസബിന് ഒൻപത് നോട്ടിക്കൽ മൈൽ വടക്കായാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രദേശത്തുണ്ടായിരുന്ന മറ്റൊരു കപ്പലിന്റെ ക്യാപ്റ്റൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ജീവനക്കാരുടെ അവസ്ഥയെക്കുറിച്ചോ കപ്പലിനുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചോ നിലവിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകട സാഹചര്യത്തിൽ ഈ മേഖലയിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകളും ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു.
അതേസമയം ഇറാനെതിരെ വീണ്ടും ആക്രമണം നടത്തുന്നതിനെക്കുറിച്ച് അമേരിക്ക ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. മേഖലയിൽ തുടരുന്ന അനിശ്ചിതാവസ്ഥ അവസാനിപ്പിക്കണമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല സയ്യിദ് മുജ്തബ ഖമനേയി ആവശ്യപ്പെടുകയും, ഈ നിർദേശം ഗൗരവത്തോടെ നടപ്പാക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള ഏഴുദിവസത്തെ പദ്ധതിയുടെ ഭാഗമായി മധ്യസ്ഥരുമായി തുടർച്ചയായി ബന്ധപ്പെടുന്നുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും അറിയിച്ചു. എട്ടുമാസത്തിലേറെയായി തുടരുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ അപകട റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
േ്ിേി്

