കൊഴിഞ്ഞാമ്പാറയിൽ കുട്ടികളെ കൊലപ്പെടുത്തിയ കേസ്: അമ്മയുടെ ആൺസുഹൃത്ത് പോലീസ് കസ്റ്റഡിയിൽ
ശാരിക
പാലക്കാട്: കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ സഹോദരങ്ങളായ രണ്ട് കുട്ടികളെ അമ്മ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മുക്കിക്കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ ആൺസുഹൃത്ത് പോലീസ് കസ്റ്റഡിയിൽ. അറസ്റ്റിലായ അമ്മ നിവേദ്യയുമായി നടത്തിയ തെളിവെടുപ്പിന് പിന്നാലെ ലഭിച്ച നിർണായക സൂചനകളുടെ അടിസ്ഥാനത്തിലാണ് കൊഴിഞ്ഞാമ്പാറ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം ഇയാളുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.
സെപ്റ്റംബർ 29-ന് രാവിലെയായിരുന്നു ജോൺകുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരെ വാടകവീട്ടിലെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആദ്യം മുങ്ങിമരണമാണെന്ന് കരുതിയെങ്കിലും, നിവേദ്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. മോഡലിങ്ങിനും മറ്റ് കാര്യങ്ങൾക്കും കുട്ടികൾ തടസ്സമാകുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്നായിരുന്നു നിവേദ്യ പോലീസിന് നൽകിയ മൊഴി.
കഴിഞ്ഞ ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങി നടത്തിയ തെളിവെടുപ്പിനിടയിലാണ് കൃത്യത്തിന് നിവേദ്യയ്ക്ക് മറ്റൊരാളുടെ സഹായം ലഭിച്ചതായുള്ള വിവരം പോലീസിന് ലഭിച്ചത്. യുവതിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നതായി നേരത്തെ വിവരമുണ്ടായിരുന്നെങ്കിലും, തെളിവെടുപ്പിന് ശേഷമുള്ള അന്വേഷണത്തിലാണ് ഇയാൾ ഇപ്പോൾ പിടിയിലായിരിക്കുന്നത്.
േെിെി

