പ്രവാസികളുടെ ആനുകൂല്യങ്ങൾ മുടങ്ങില്ലെന്നും വിമാനക്കമ്പനികളുടെ കൊള്ള അവസാനിപ്പിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം തുടരുമെന്നും മുഖ്യമന്ത്രി


ശാരിക

തിരുവനന്തപുരം: പ്രവാസി മലയാളികൾക്ക് നൽകുന്ന ഒരു ആനുകൂല്യവും മുടങ്ങില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ഉറപ്പുനൽകി. നോർക്ക വഴിയുള്ള ആനുകൂല്യങ്ങൾ മുടങ്ങിയതിനെക്കുറിച്ചും ലോക കേരള സഭ പിരിച്ചുവിട്ടതിനെക്കുറിച്ചും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉയർന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പ്രവാസി ക്ഷേമനിധി ബോർഡ് വഴി നൽകുന്ന ആനുകൂല്യങ്ങൾക്കായി 2026-27 വർഷത്തിൽ മാത്രം 163 കോടിയിലധികം രൂപയും പെൻഷനായി 102 കോടി രൂപയും വിതരണം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ മാത്രം സർക്കാർ 32 കോടി രൂപ ഇതിനായി അനുവദിച്ചു. 2020-2021-ൽ 17,771 പേർ മാത്രമുണ്ടായിരുന്ന ക്ഷേമനിധി ബോർഡിൽ ഇപ്പോൾ അംഗങ്ങളുടെ എണ്ണം അഞ്ചര ഇരട്ടിയോളം വർധിച്ച് ഒരു ലക്ഷത്തിലധികമായി ഉയർന്നിട്ടുണ്ട്. എന്നാൽ പ്രതിമാസ വരുമാനം 16.7 കോടി രൂപയായിരിക്കെ ചെലവ് 35 കോടിയോളം രൂപയായി വർധിച്ചതിനാൽ സർക്കാർ ഫണ്ട് നൽകിയാൽ മാത്രമേ പെൻഷൻ മുടങ്ങാതെ നൽകാൻ സാധിക്കൂ.

നോർക്ക കെയർ ഇൻഷൂറൻസ് പദ്ധതിയിൽ ഉയർന്ന തുക ക്ലെയിം ഇനത്തിൽ നൽകേണ്ടി വന്നതാണ് വലിയ പ്രതിസന്ധി സൃഷ്ടിച്ചത്. 1,32,000 പേർ എൻറോൾ ചെയ്ത പദ്ധതിയിൽ കാൻസർ അടക്കമുള്ള രോഗങ്ങൾക്ക് 80 ശതമാനത്തോളം ക്ലെയിമുകൾ വരികയും 145 കോടി രൂപ ലഭിച്ച സ്ഥാനത്ത് 210 കോടി രൂപ നൽകേണ്ടി വരികയും ചെയ്തു. ഇൻഷൂറൻസ് കമ്പനികൾക്ക് കനത്ത നഷ്ടമുണ്ടായതിനെ തുടർന്ന് ഇത്തവണ മുൻകൂറായി 300 കോടി രൂപ ആവശ്യപ്പെട്ടതിനാലാണ് പുതിയ രീതിയിലേക്ക് മാറ്റേണ്ടി വന്നത്. 60 വയസ്സിന് മുകളിലുള്ളവർക്കും കവറേജ് ഉറപ്പാക്കുന്നതിനായി 18 മുതൽ 110 വയസ്സ് വരെയുള്ളവർക്കായി മൂന്ന് കോടി മുതൽ നൂറ് കോടി വരെയുള്ള പുതിയ സ്ലാബുകളോടെയാണ് ഇൻഷൂറൻസ് പരിഷ്കരിച്ചത്.

പ്രവാസികളെ വിമാനക്കമ്പനികൾ കൊള്ളയടിക്കുന്ന സാഹചര്യം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാരിന്മേൽ ശക്തമായ സമ്മർദ്ദം തുടരുകയാണ്. കേരളത്തിൽ നിന്നുള്ള എംപിമാരും സർക്കാരും വിഷയം കേന്ദ്രത്തിന് മുന്നിൽ നിരന്തരം ഉന്നയിക്കുന്നുണ്ട്. സിവിൽ ഏവിയേഷൻ മന്ത്രിയെയും പ്രധാനമന്ത്രിയെയും നേരിട്ട് കണ്ട് ഈ വിഷയം ഉന്നയിച്ചിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി തലത്തിൽ സ്റ്റേക്ക് ഹോൾഡേഴ്സിന്റെ യോഗം വിളിച്ച് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒന്നോ രണ്ടോ വർഷത്തിൽ ഒരിക്കൽ നാട്ടിൽ വന്ന് മടങ്ങുന്ന പ്രവാസികളുടെ സമ്പാദ്യം മുഴുവൻ വിമാനക്കൂലി ഇനത്തിൽ നഷ്ടപ്പെടുന്നത് അവസാനിപ്പിച്ചേ മതിയാകൂ.

പ്രവാസി ക്ഷേമനിധിയിൽ തുക അടക്കുന്നത് മുടങ്ങിയാൽ തുടർന്ന് അടക്കാൻ സാധിക്കാത്ത നിയമപരമായ തടസ്സം പരിഹരിക്കാൻ ആവശ്യമായ ഭേദഗതി വരുത്തുമെന്നും കുടിശ്ശിക അടച്ച് പദ്ധതിയിൽ തുടരാൻ അനുവാദം നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, ലോക കേരള സഭയ്ക്ക് പകരം പ്രവാസികൾക്ക് പ്രയോജനകരമാകുന്ന കൂടുതൽ ഫലപ്രദവും വ്യത്യസ്തവുമായ മറ്റൊരു സംവിധാനം സർക്കാരിന്റെ പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു.

article-image

്േിേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed