വോട്ടർ പട്ടികയിലെ വെട്ടിമാറ്റൽ: ചീഫ് ഇലക്ഷൻ കമീഷണറുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം കടുക്കുന്നു; നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ഡൽഹി പൊലീസ്
ശാരിക
ന്യൂഡൽഹി: വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളുടെ പേരുകൾ വ്യാപകമായി വെട്ടിമാറ്റിയെന്ന ആരോപണത്തിൽ ചീഫ് ഇലക്ഷൻ കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ന്യൂഡൽഹി ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധ സമരം രൂക്ഷമാകുന്നു. പ്രതിഷേധങ്ങളിൽ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തോളം പേരെയാണ് പൊലീസും സുരക്ഷാ സേനയും ചേർന്ന് കസ്റ്റഡിയിലെടുത്തത്. ആം ആദ്മി പാർട്ടി, ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ, സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ, നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ, ഇന്ത്യൻ യൂത്ത് കോൺഗ്രസ് തുടങ്ങിയ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും വിദ്യാർഥി യുവജന സംഘടനകളും സംയുക്തമായാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.
മുൻ ഡൽഹി മുഖ്യമന്ത്രിയും മുതിർന്ന എ.എ.പി നേതാവുമായ അതിഷി, ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറ, സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ്, ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിങ്, സൗരഭ് ഭരദ്വാജ് എന്നിവരുൾപ്പെടെ പ്രമുഖ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജന്തർ മന്തർ പരിസരത്ത് നിന്ന് മാത്രം 750ഓളം പേരെയും ഡൽഹിയുടെ മറ്റ് ഭാഗങ്ങളിൽ നിന്നായി 400ഓളം പേരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും തടഞ്ഞുവെക്കുകയും ചെയ്തു. ഇതുകൂടാതെ 200ഓളം പേരെ വീട്ടുതങ്കലിലാക്കുകയും ചെയ്തു.
തെരുവിൽ നിന്ന് പിടിച്ചുകൊണ്ടുപോയ പ്രവർത്തകരെ ഡൽഹി പൊലീസിന്റെ പ്രത്യേക ബസുകളിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതിഷേധം കടുക്കുന്ന സാഹചര്യത്തിൽ ന്യൂഡൽഹി ജില്ലയിലുടനീളം ബി.എൻ.എസ്.എസ് 163-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ഡൽഹി പൊലീസ് അറിയിച്ചിട്ടുണ്ട്. ഒക്ടോബർ 3ന് നടക്കുന്ന സമരത്തിന് പൊലീസ് യാതൊരുവിധ അനുമതിയും നൽകിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അയ്യായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ജന്തർ മന്തറിലും പരിസര പ്രദേശങ്ങളിലും വിന്യസിച്ചിരിക്കുന്നത്. സുരക്ഷ മുൻനിർത്തി സെൻട്രൽ ഡൽഹി മേഖലയിലെ 11 മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു. അനധികൃതമായി ഒത്തുകൂടൽ, പ്രകടനങ്ങൾ, മുദ്രാവാക്യം വിളി, ധർണ എന്നിവ പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്. ഉത്തരവ് ലംഘിച്ച് എത്തുന്നവരെ പൊലീസ് മുന്നറിയിപ്പ് നൽകിയ ശേഷം സ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്തു നീക്കുകയാണ്.
െിനന

