കോടിയേരിയുടെ ഫ്ലക്‌സ് തകർത്ത സംഭവം; മാപ്പപേക്ഷയുമായി മുൻ എസ്എഫ്‌‌ഐ പ്രവർത്തകൻ


ഷീബ വിജയൻ

കൊല്ലം: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്‌സ് വലിച്ചുകീറിയ സംഭവത്തിൽ ക്ഷമാപണവുമായി ഡിവൈഎഫ്‌ഐ പ്രവർത്തകൻ രംഗത്ത്. പാർട്ടിക്കാർ പറയുന്നതുപോലെ താൻ പ്രതിഷേധ മാർച്ചിൽ നുഴഞ്ഞുകയറിയതല്ലെന്നും മുൻകാല എസ്എഫ്‌ഐ പ്രവർത്തകനാണെന്നും അക്ബർ ഷാ സമൂഹമാധ്യത്തിലെ വിഡിയോയിൽ വ്യക്തമാക്കി. കൊല്ലത്തുവച്ച് പ്രകടനം കണ്ടപ്പോൾ അതിലേക്ക് ചേർന്നതാണെന്നും കോൺഗ്രസിന്റെ ഫ്ലക്‌സാണെന്ന് വിചാരിച്ചാണ് വലിച്ചുകീറിയതെന്നും അക്ബർ ഷാ പറയുന്നു. സംഭവത്തിൽ ക്ഷമ ചോദിച്ചുകൊണ്ടാണ് വിഡിയോ അവസാനിക്കുന്നത്. 'എല്ലാവർക്കും എന്നെ മനസ്സിലായെന്ന് കരുതുന്നു. ഞാൻ അക്ബർ ഷാ. ഇപ്പോൾ സോഷ്യൽ മീഡിയയിലും ന്യൂസിലുമെല്ലാം ഞാനാണ് താരം. ഒന്നും താരമാകണമെന്ന് കരുതി ചെയ്തതല്ല. ഞാനൊരു മുൻകാല എസ്എഫ്‌ഐ പ്രവർത്തകനും ഡിവൈഎഫ്‌ഐ പ്രവർത്തകനുമാണ്. ഞാൻ എസ്എഫ്‌ഐക്കാരനല്ലെന്നും നുഴഞ്ഞുകയറിയതാണെന്നും ഇപ്പോൾ പാർട്ടിക്കാർ തന്നെ പറയുന്നു. നുഴഞ്ഞുകയറിയതൊന്നുമല്ല. ഞാൻ എസ്എഫ്‌ഐയിൽ പ്രവർത്തിച്ചിരുന്ന വ്യക്തിയാണ്. മൂന്ന് വർഷം മുൻപ് ഗൾഫിൽ പോയി ഇപ്പോൾ അവധിയിൽ വന്നതാണ്. കൊല്ലത്തുവച്ച് പ്രകടനം കണ്ട് കയറിയതാണ്. നുഴഞ്ഞുകയറി അക്രമം അഴിച്ചുവിട്ടിട്ടില്ല. ഞാൻ ചെയ്ത തെറ്റ് എനിക്ക് മനസ്സിലായി. കോടിയേരി സഖാവിന്റെ ഫ്ലക്‌സാണെന്നല്ല, കോൺഗ്രസിന്റെ ഫ്ലക്‌സാണെന്ന് വിചാരിച്ചാണ് ഞാൻ കീറിയത്. എല്ലാവരും ദയവുചെയ്ത് എന്നോട് ക്ഷമിക്കണം' - അക്ബർ ഷാ പറഞ്ഞു.

ബുധനാഴ്ച തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസുമായുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ചാണ് എസ്എഫ്‌ഐ പ്രവർത്തകർ വ്യാഴാഴ്ച കൊല്ലം നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തിയത്. ഇതിനിടെ ചിന്നക്കടയിലെ ഹെഡ് പോസ്റ്റ് ഓഫീസിനു സമീപം സ്ഥാപിച്ചിരുന്ന ഫ്ലക്‌സ് ബോർഡ് തകർക്കുകയായിരുന്നു. മാർച്ച് ചെയ്തു വന്ന സംഘത്തിന്റെ മുൻനിരയിലുണ്ടായിരുന്ന അക്ബർ ഷാ യൂത്ത് കോൺഗ്രസിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് മീഡിയനിൽ വച്ചിരുന്ന ഫ്ലക്‌സ് കീറി മറിച്ചിട്ടു. ഫ്ലക്‌സ് തകർത്തശേഷം വീണ്ടും പ്രകടനത്തിൽ കയറി മുദ്രാവാക്യം വിളിച്ച് ഇയാൾ നടന്നുനീങ്ങി. കോടിയേരി ബാലകൃഷ്ണന്റെ നാലാം ഓർമദിനത്തിൽ ചിന്നക്കടയിൽ സ്ഥാപിച്ച ഫ്ലക്‌സ് ആണിത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പിന്നാലെ പുറത്തുവന്നു. ആൾക്കൂട്ടത്തിൽനിന്നൊരാൾ 'കോടിയേരിയുടെ ഫ്ലക്‌സാണോ കീറിയത്, മാറിപ്പോയോ' എന്നും ചോദിക്കുന്നത് കേൾക്കാം. പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിനെതിരെ പ്രവർത്തകർ മുദ്രാവാക്യങ്ങൾ മുഴക്കുന്നതും ദൃശ്യങ്ങളിലുണ്ട്. രണ്ടു ദിവസം മുൻപ് ബിജെപി പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടെ ചിന്നക്കടയിലും പരിസരത്തുമുണ്ടായിരുന്ന കോൺഗ്രസിന്റെ ഫ്ലക്‌സുകളും കൊടികളും തകർത്തിരുന്നു. അതേസമയം, പ്രകടനത്തിനിടെ അപ്രതീക്ഷിതമായി ഓടിക്കയറിയ വ്യക്തിയാണ് ഫ്ലക്‌സ് തകർത്തതെന്നാണ് എസ്എഫ്‌ഐയുടെ വിശദീകരണം. ഇയാൾ എസ്എഫ്‌ഐ പ്രവർത്തകനല്ലെന്നും പ്രതിഷേധ പ്രകടനത്തിലേക്ക് എങ്ങനെയെത്തിയെന്ന് പരിശോധിക്കുമെന്നും നിയമപരമായി മുന്നോട്ട് നീങ്ങുമെന്നും എസ്എഫ്‌ഐ കൊല്ലം ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

article-image

dczxaas

You might also like

  • Lulu Exchange
  • Straight Forward

Most Viewed