മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കടുത്ത നിലപാട്; എഫ്‌ഐആർ ഇട്ടില്ലെങ്കിൽ ഉദ്യോഗസ്ഥരും കുടുങ്ങും
ഷീബ വിജയൻ
കൊച്ചി: സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതിരിക്കുന്നത് അവരെ സഹായിക്കുന്നതിന് തുല്യമാണെന്നും, ഇത് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യമായി മാറുമെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). കഴിഞ്ഞ മാസം സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച കത്തിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കുന്നത്. കൃത്യമായ തെളിവുകൾ നൽകിയിട്ടും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതിരിക്കുന്നത്, കുറ്റകൃത്യത്തിലൂടെയുള്ള പണം സ്വരൂപിക്കാൻ പ്രതികളെ അറിഞ്ഞുകൊണ്ട് സഹായിക്കുന്നതിന് തുല്യമാണ്. ഇത് പിഎംഎൽഎ സെക്ഷൻ 3 പ്രകാരം കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന്റെ പരിധിയിൽ വരും എന്ന് സെപ്റ്റംബർ 7ന് അയച്ച കത്തിൽ ഇഡി ചൂണ്ടിക്കാട്ടി. പ്രതികളെ സഹായിക്കുന്ന ഏതൊരാൾക്കും ഈ നിയമം ബാധകമാണെന്ന് ഇഡി വ്യക്തമാക്കുന്നു.
സർവീസിൽ ഇരിക്കുന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ ആരെങ്കിലും കൈക്കൂലി പണം കണ്ടെത്താനോ, ഒളിപ്പിക്കാനോ, കൈവശം വെക്കാനോ സഹായിച്ചാൽ അത് കുറ്റകരമാണ്. എഫ്‌ഐആർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ ഉചിതമായ നിയമനടപടികൾ സ്വീകരിക്കാൻ ഇഡിക്ക് അധികാരമുണ്ടെന്ന സുപ്രീംകോടതിവിധികളും കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പിണറായി വിജയൻ, മകൾ ടി വീണ, മരുമകനും മുൻ മന്ത്രിയുമായ പിഎ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്നാണ് ഇ.ഡി സംസ്ഥാന പൊലീസിനോട് ആവശ്യപ്പെട്ടിരുന്നത്. സിഎംആർഎൽ കമ്പനിയിലെ പൊതു ഓഹരി ഉടമകളെയും 13 ശതമാനം ഓഹരിയുള്ള കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷനെയും വഞ്ചിച്ചാണ് പണം തട്ടിയെടുത്തതെന്ന് കത്തിൽ പറയുന്നു. കോഗ്നിസബിൾ കുറ്റകൃത്യത്തെക്കുറിച്ച് വിവരം ലഭിച്ചാൽ ഉടൻ തന്നെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് ബാധ്യസ്ഥരാണെന്ന് സുപ്രീംകോടതി ഉത്തരവുകൾ വ്യക്തമാക്കുന്നുണ്ടെന്ന് ഇഡി ചൂണ്ടിക്കാട്ടി. എഫ്‌ഐആർ ഇടാതിരിക്കുന്നത് കുറ്റവാളികൾക്ക് തെളിവുകൾ നശിപ്പിക്കാനും പണം കൈവശം വെക്കാനും സമയം നൽകുമെന്നും ഇഡിയുടെ കത്തിൽ പറയുന്നു.
asadssasasa

