ബംഗാളിൽ കല്ല്യാൺ ബാനർജിക്ക് നേരെയും കയ്യേറ്റം, അഭിഷേക് ബാനർജിയെ ആക്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ
ഷീബ വിജയൻ
കോൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) നേതാക്കൾക്കെതിരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ കല്ല്യാൺ ബാനർജി എം.പിക്ക് നേരെ കയ്യേറ്റമുണ്ടായി. സ്വന്തം മണ്ഡലമായ ഹുഗ്ലിയിലെ ചണ്ഡിതല പോലീസ് സ്റ്റേഷന് മുന്നിൽ വെച്ചാണ് അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്. പാർട്ടി പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ പരാതി നൽകാൻ എം.പിയും പ്രവർത്തകരും എത്തിയപ്പോൾ അവിടെയുണ്ടായിരുന്ന ബി.ജെ.പി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതാണ് സംഘർഷത്തിന് കാരണമായത്. ഇരുവിഭാഗവും തമ്മിലുണ്ടായ വൻ സംഘർഷം പോലീസ് നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ കല്ല്യാൺ ബാനർജിയുടെ തലയ്ക്ക് അടിയേൽക്കുകയും അദ്ദേഹം പരിക്കേറ്റ് റോഡിലിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. ഇത് ബി.ജെ.പിയുടെ ആസൂത്രിത അക്രമമാണെന്ന് അദ്ദേഹം ആരോപിച്ചു.
അതേസമയം, കഴിഞ്ഞദിവസം സൗത്ത് 24 പർഗാനാസിലെ സോനാർപൂരിൽ വെച്ച് ടി.എം.സി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് നേരെ കല്ലും മുട്ടയും എറിയുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. പരിക്കേറ്റ അഭിഷേക് ബാനർജി പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. ഈ സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് ഔദ്യോഗികമായി പരാതി നൽകാത്തതിനെ തുടർന്ന് പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. നിലവിൽ പ്രദേശങ്ങളിൽ വൻ പോലീസ് സന്നാഹത്തെയും കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്.
ോേേോോേ്ോേ്

